ബത്തേരിയിലെ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി

ബത്തേരി : സുൽത്താൻബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍ റോഡിലെ അല്‍ജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും നിറുത്തിവെപ്പിച്ചു.
ഇന്ന് രാവിലെ ബത്തേരി ടൗണിലും പരിസരങ്ങളിലെയും പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്താതും പഴകിയതുമായ അൽഫാം, കുബ്ബൂസ്, ബീഫ്, ചോറ്, മത്സ്യം, പച്ചക്കറി ഇനങ്ങള്‍ തുടങ്ങിയവാണ് പിടികൂടിയത്. ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍കിച്ചന്‍, മൈസൂര്‍ റോഡിലെ ദ റിയല്‍കഫേ, ചീരാല്‍ റോഡിലെ അമ്മ മെസ്, മൂലങ്കാവിലെ ഹോട്ട്സ് പോട്ട് കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്.
ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചു. ഇനിയും പരിശോധനകള്‍ കര്‍ശനമാക്കാനാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം. പരിശോധനയ്ക്ക് നഗരസഭ ക്ലീന്‍സിറ്റിമാനേജര്‍ പി.എസ് സന്തോഷ്‌കുമാര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എച്ച് മുഹമ്മദ് സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.