October 5, 2025

ഓണം ബമ്പറിനിന് പിന്നാലെ പൂജാ ബമ്പര്‍ എത്തി : 300 രൂപയ്ക്ക് 12 കോടി കൈയിലെത്തും

Share

 

തിരുവനന്തപുരം : തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് കഴിഞ്ഞതോടെ 25 കോടി നേടിയ ഭാഗ്യവാന്‍ ആരാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ബംപറാണ് ഓണം ബമ്ബര്‍. TH 577825 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം തേടിയെത്തിയിരിക്കുന്നത്. എറണാകുളം നെട്ടൂരിലുള്ള ലതീഷ് എന്ന ഏജന്റില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്.

 

ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത് തുടരുന്നതിനിടെ ഓണം ബമ്ബറിന്റെ നിരാശരായ ഭാഗ്യാന്വേഷികളെ കാത്ത് സര്‍ക്കാര്‍ അടുത്ത ബമ്ബറും പുറത്തിറക്കി. ഈ വര്‍ഷം നറുക്കെടുക്കുന്ന അവസാന ബമ്ബറായ പൂജാ ബമ്ബര്‍ ഇന്നലെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് ചടങ്ങിന് മുന്നോടിയായിട്ടാണ് പ്രകാശനം നടന്നത്.

 

 

 

300 രൂപയാണ് പൂജ ബമ്ബര്‍ ടിക്കറ്റിന്റെ വില. അഞ്ച് പരമ്ബരകളുള്ള ടിക്കറ്റുകളാണ് പൂജ ബമ്ബറിനായി പുറത്തിറക്കിയിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്ബരയ്ക്കും ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും കമ്മീഷനായി 1.2 കോടി ലഭിക്കും എന്നതിനാല്‍ ഫലത്തില്‍ ഏഴ് പേരെയാണ് പൂജ ബമ്ബര്‍ കോടീശ്വരന്‍മാരാക്കുക.

 

പൂജാ ബമ്ബറിന്റെ മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്ബരയിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം 5 പരമ്ബരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്ബരകള്‍ക്കും ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന. കൂടാതെ 5000, 1000, 500, 300 രൂപയുടെ സമ്മാനങ്ങളും ഉണ്ടായിരിക്കും. ആകെ 3,32,130 സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.

 

നവംബര്‍ 22-ന് ഉച്ചയ്ക്ക് 2-നാണ് നറുക്കെടുപ്പ്. ഇത് കഴിഞ്ഞാല്‍ ഈ വര്‍ഷം പുറത്തിറങ്ങുന്നത് ക്രിസ്മസ്-പുതുവത്സര ബമ്ബറായിരിക്കും. നവംബര്‍ 22 ന് ഈ ബമ്ബര്‍ പുറത്തിറങ്ങുമെങ്കിലും 2026 ല്‍ ആയിരിക്കും നറുക്കെടുപ്പ് നടത്തുക. അതേസമയം തിരുവോണം ബമ്ബറില്‍ ഇത്തവണ റെക്കോഡ് വില്‍പനയാണ് നടന്നത്. 75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഒരു ടിക്കറ്റ് മാത്രമാണ് വിറ്റഴിക്കാതിരുന്നത്.

 

 

7499999 ടിക്കറ്റുകളും വിറ്റഴിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ 71 ലക്ഷം എന്ന റെക്കോഡ് ഇത്തവണ മറികടന്നു. പ്രിന്റിങ് പിഴവ് കാരണമാണ് ഒരു ടിക്കറ്റ് മാത്രം ഒഴിവായത്. നേരത്തെ സെപ്തംബര്‍ 27 ന് നിശ്ചയിച്ചിരുന്ന തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് മഴ കാരണം ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.