യുദ്ധഭൂമിയായ ഗാസയിലേക്കുള്ള സഹായ കപ്പലുകള്‍ ഇസ്രായേല്‍ തടഞ്ഞു ; വൻ പ്രതിഷേധം

ഗാസ : ഗാസയില്‍ ഇസ്രായേസിൻ്റെ ആക്രമണം കടുത്തിരിക്കെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. അതിനിടെ, ഖത്തറിനു മേല്‍ നടക്കുന്ന അക്രമണങ്ങളെ അമേരിക്കയ്ക്ക് എതിരായ സുരക്ഷ ഭീഷണി കൂടിയായി കണക്കാക്കുന്ന ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചു.
ഗാസയില്‍ നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്നാണ് ഇസ്രായേലിന്‍റെ പ്രഖ്യാപനം. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഗാസ സിറ്റിയെ പൂർണമായി വളഞ്ഞതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ഗാസ സിറ്റിയില്‍ അവശേഷിക്കുന്ന ജനങ്ങള്‍ ഉടൻ സ്ഥലം വിടണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ അവരെ തീവ്രവാദികളോ അവരെ പിന്തുണയ്ക്കുന്നവരോ ആയി കണക്കാക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഈ കടുത്ത നിലപാട് പ്രദേശത്തെ സംഘർഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. സമാധാന ചർച്ചകള്‍ക്കിടയിലും ഇസ്രായേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
ഗാസ ജനതക്ക് അന്ത്യശാസനം
നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ, ഗാസയിലെ ജനങ്ങള്‍ക്ക് നഗരം വിടാനുള്ള അവസാന അവസരമാണ് നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആവർത്തിച്ചു. ഇസ്രയേലിന്റെ ഈ നടപടികള്‍ പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന നിർദേശങ്ങള്‍ക്കിടെയാണ് ഇസ്രയേലിന്‍റെ ശക്തമായ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമാധാന കരാർ അംഗീകരിച്ചില്ലെങ്കില്‍ ദുഃഖകരമായിരിക്കും പര്യവസാനമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്
ഗാസയില്‍ സമാധാനത്തിന് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയില്‍ നിലപാടറിയിക്കാൻ ഹമാസിന് മുന്നിലുള്ളത് മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ്. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ദുഖകരമായിരിക്കും പര്യവസാനമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാധാന പ്രതീക്ഷ നല്‍കുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിൻ നെതന്യാഹുവിനും ഒരുപോലെ സമ്മർദം നല്‍കുന്നതാണ് നിലവിലെ അമേരിക്കൻ പദ്ധതി. അറബ് – ഇസ്ലാമിക് – ഗള്‍ഫ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്. പദ്ധതി നടന്നാല്‍ ഗാസയില്‍ ഹമാസിന്റെയും ഇസ്രയേലിന്റെയും റോള്‍ ഒരുപോലെ അവസാനിക്കുകയാണെന്ന് വേണം വിലയിരുത്താൻ. ഹമാസ് അധികാരം വിട്ട് ആയുധം താഴെ വെച്ച് ഒഴിയണമെന്നും ഇസ്രയേല്‍ പിൻവാങ്ങണം എന്നെല്ലാം ആണ് നിര്‍ദേശങ്ങള്‍. പദ്ധതി ഹമാസ് പരിശോധിക്കുകയാണെന്നാണ് ഖത്തർ അറിയിച്ചിരിക്കുന്നത്. കൂടിപ്പോയാല്‍ നാല് ദിവസത്തിനപ്പുറം ഹമാസിന് സമയം ലഭിക്കില്ലെന്നാണ് ട്രംപ് അറിയിക്കുന്നത്. ഹമാസ് എതിർക്കുന്നുണ്ടെങ്കിലും ഗാസയില്‍ താല്‍ക്കാലിക അന്താരാഷ്ട്ര ഭരണസമിതി വരും. ടോണി ബ്ലൈയറും ട്രംപും മേല്‍നോട്ടം വഹിക്കും. ഗാസൻ ജനതയെ പുറത്താക്കില്ല എന്നുറപ്പായപ്പോള്‍ തന്നെ സൗദി, യുഎഇ, ഖത്തർ, ഈജിപ്ത്, തുർക്കി ഉള്‍പ്പടെ പ്രബല രാഷ്ട്രങ്ങള്‍ പദ്ധതിയെ പിന്തുണച്ചു. യുറോപ്യൻ രാഷ്ട്രങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്.