October 5, 2025

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം : കേരളത്തില്‍ ഹര്‍ത്താലായി മാറുമോ ?

Share

 

രാജ്യത്ത് മറ്റൊരു ഭാരത് ബന്ദിന് കൂടെ ആഹ്വാനം. ഒക്ടോബർ 3-ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (എ ഐ എം പി എല്‍ ബി) ആണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് “വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പ്രതിഷേധം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബില്‍ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികളും അവശ്യ സേവനങ്ങളും ഒഴികെ, കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരണിക്കണമെന്ന് മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 

 

ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല മറിച്ച്‌ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികള്‍ക്കെതിരായ സംയുക്ത പ്രതിഷേധമാണ്. വെള്ളിയാഴ്ച നമസ്കാര വേളയില്‍ മസ്ജിദുകളിലെ ഖത്തീബുകള്‍ ബില്ലിനെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുകയും ബന്ദില്‍ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

 

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കുമായി സമർപ്പിക്കപ്പെട്ട വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തെ കേന്ദ്ര സർക്കാറിന്റെ പുതിയ ബില്‍ ദുർബലപ്പെടുത്തുന്നു. ഭേദഗതികള്‍ വഖഫ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച്‌ അവയുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുകയാണ് ചെയ്യുന്നത്. ഇത് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടത്തിനും ഉപയോഗത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

 

 

ബില്ലിനെതിരെ ബോർഡ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടത്തി വരികയാണ്. ബോധവത്കരണ ക്യാമ്ബെയ്നുകള്‍, സെമിനാറുകള്‍, പൊതുയോഗങ്ങള്‍ എന്നിവയിലൂടെ ബില്ലിന്റെ ആഘാതം ജനങ്ങളെ അറിയിക്കാൻ ബോർഡ് സജീവമായി പ്രവർത്തിക്കുന്നു. ഇതിനെല്ലാം ഒടുവിലാണ് ഒക്ടോബർ മൂന്നിന് ഭാരത് ബന്ദിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഒരുമിച്ച്‌ നിന്ന് ബില്ലിനെ എതിർക്കാൻ സമുദായത്തെയും മറ്റ് സംഘടനകളേയും ശക്തിപ്പെടുത്തുകയാണ് ബന്ദിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.

 

സ്വമേധയാ ബന്ദില്‍ പങ്കെടുക്കാൻ വ്യക്തികളോടും വ്യാപാര സ്ഥാപനങ്ങളോടും ബോർഡ് അഭ്യർത്ഥിച്ചു. പ്രതിഷേധം സമാധാനപരവും അച്ചടക്കമുള്ളതുമായിരിക്കും. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പോലുള്ള അവശ്യ സേവനങ്ങള്‍ പ്രവർത്തനക്ഷമമായി തുടരണമെന്നും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

 

കേരളത്തെ ബാധിക്കുമോ?

 

കേരളത്തില്‍ ഇതുവരെ ഏതെങ്കിലും സാമുദായിക സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ബന്ദ് വലിയ തോതില്‍ ബാധിച്ചേക്കില്ല. അതേസമയം യുപി, ബിഹാർ എന്നിവിടങ്ങളില്‍ ബന്ദ് ബാധിക്കാനാണ് സാധ്യത.

 

വിഎച്ച്‌പിയുടെ പ്രതികരണം

 

അതേസമയം, വഖഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും (എ ഐ എം പി എല്‍ ബി) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ ഉണ്ടാകാവുന്ന അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി) ശനിയാഴ്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

 

കോടതിയില്‍ നിയമത്തെ വെല്ലുവിളിക്കുമ്ബോഴും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതിനുപകരം സംഘടനകള്‍ ഒരേസമയം തെരുവില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നത് വിചിത്രമാണെന്നും വി എച്ച്‌ പി പറഞ്ഞു. പുതിയ സമരങ്ങള്‍ “ക്രമസമാധാനം തകർക്കാനും, സംഘർഷങ്ങള്‍ക്കും അക്രമം പ്രോത്സാഹിപ്പിക്കാനും” കാരണമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. സമൂഹത്തോട്, പ്രത്യേകിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്‌ “ജാഗ്രതയോടെയും സജ്ജമായും” തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.