റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം : യുവാക്കള്‍ അറസ്റ്റില്‍

ബത്തേരി : റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. പുത്തന്‍കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍ (35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍ (32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി (32) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ അബിന്‍ ഒഴികെയുള്ള മൂവരും മുന്‍പും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്.
22.09.2025 രാത്രിയില്‍ പൂതിക്കാടുള്ള റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇവര്‍ പരാതിക്കാരനെയും സുഹൃത്തിനെയും കൈ കൊണ്ടും കമ്പി വടി കൊണ്ടും അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചത്. കൂടാതെ, റിസോര്‍ട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.