October 4, 2025

സ്വര്‍ണം ഇനി കിട്ടാക്കനിയോ? ഇന്ന് ഒറ്റയടിക്ക് 920 രൂപ കൂടി 84000 ത്തിലേക്ക്

Share

 

സംസ്ഥാനത്ത് സ്വർണ വില 84,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവന്റെ വില 920 രൂപയാണ് കൂടിയത്. ഇതോടെ പവന് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറില്‍ മാത്രം പവന്റെ വിലയിലുണ്ടായ വർധന 6,200 രൂപയാണ്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു.

 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,12,397 എന്ന റെക്കോഡ് ഉയരത്തിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,745 ഡോളർ നിലവാരത്തിലുമാണ്. ആഗോള അനിശ്ചിതത്വങ്ങള്‍, ഡിമാന്റ് വർധന, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടല്‍, യുഎസില്‍ പലിശ നിരക്ക് കുറയുന്നത്, ഡോളറിന്റെ ദുർബലാവസ്ഥ എന്നിവയൊക്കെയാണ് കുതിപ്പിന് പിന്നില്‍.

 

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈയിടെ കാല്‍ ശതമാനം നിരക്ക് കുറച്ചതും വർഷാവസാനത്തോടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചനയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി. കേന്ദ്ര ബാങ്കുകള്‍ തുടർച്ചയായി സ്വർണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകർക്കിടയില്‍ താത്പര്യം വർധിച്ചതും സ്വർണം നേട്ടമാക്കി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.