വീണ്ടും ഇരുട്ടടി : സംസ്ഥാനത്ത് പാല്‍ വില കൂടും ; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും പാല്‍ വില വര്‍ധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില കൂട്ടാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ജെ ചിഞ്ചുറാണി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കുകയാണ്. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭാസമ്മേളനത്തിന്റെ ആദ്യ ദിവസം പോലീസ് മര്‍ദനത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.