October 25, 2025

അമീബിക് മസ്തിഷ്‌ക ജ്വരം : വയനാട്ടില്‍ ആദ്യ മരണം സ്ഥിരീകരിച്ചു

Share

 

മാനന്തവാടി : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വയനാട്ടില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. മാനന്തവാടി കുഴിനിലം സ്വദേശിയായ രതീഷ് (47) ആണ് മരിച്ചത്.

ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു വന്നിരുന്നത്. തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ വെച്ച് ചെള്ളു പനി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിനുള്ള ചികിത്സ തുടരുന്നതിനിടയില്‍ അസുഖം മൂര്‍ഛിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ നടത്തിയ ടെസ്റ്റിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

 

തുടര്‍ന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു. ഇദ്ധേഹത്തിന് മുന്‍പ് ചില അസുഖങ്ങളും ഉണ്ടായിരുന്നു. മസ്തിഷ്‌ക ജ്വരത്തിന്റെ രണ്ടാമത്തെ പരിശോധന ഫലത്തില്‍ രതീഷ് നെഗറ്റീവ് ആയിരുന്നെങ്കിലും ആദ്യഫലം പോസിറ്റീവ് ആയതിനാല്‍ രോഗബാധ സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

 

ഇദ്ദേഹത്തിന്റെ സംസ്‌കാരം ചൂട്ടക്കടവ് ശാന്തിതീരത്ത് നടത്തി. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാത്തതിനാല്‍ മറ്റ് ആശങ്കകളൊന്നും വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണം.

വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. കോഴിക്കോട് ഓമശേരി സ്വദേശിയായ ദമ്ബതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംലയും (52), കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്ബത് വയസുകാരി അനയയും നേരത്തെ മരിച്ചിരുന്നു.

 

രോഗം ബാധിച്ച്‌ 11 പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.