പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം ; പുണ്യ നിറവില്‍ വിശ്വാസികള്‍, സംസ്ഥാനത്തെങ്ങും ആഘോഷ പരിപാടികള്‍

കൽപ്പറ്റ : ഇന്ന് പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനം. മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളും നബി ദിനം ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടർ പ്രകാരം റബ്ബിഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. എഡി 571ല്‍ മക്കയിലെ ഖുറൈശി ഗോത്രത്തിലെ പ്രസിദ്ധമായ ഹാശിം കുടുംബത്തില്‍ അബ്ദുല്ല – ആമിന ദമ്ബതികളുടെ മകനായാണ് മുഹമ്മദ് നബി ജനിക്കുന്നത്. വിശ്വാസികള്‍ക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന ദിവസം കൂടിയാണ് ഇന്ന്. മുഹമ്മദ് നബിയുടെ 1500ാമത് ജന്മദിനം ആഘോഷിക്കാൻ വിപുലമായ തയ്യാറെടുപ്പകളാണ് സുന്നി സംഘടനകള്‍ നടത്തിയത്.
ഖുറാന്‍ പാരായണം, ദഫ് മുട്ട് , നബി ചരിത്ര വിവരണം, അന്നദാനം, ഘോഷയാത്രകള്‍ തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെട്ടതാണ് നബിദിന ആഘോഷം. ദഫ് മുട്ടാണ് നബിദിന ഘോഷയാത്രയുടെ പ്രധാനപ്പെട്ട ആകർഷണം. മദ്ഹ് ഗാനങ്ങള്‍ക്കൊപ്പം ദഫില്‍ താളമിട്ടുള്ള കുരുന്നുകളുടെ പ്രകടനങ്ങള്‍ ഘോഷയാത്രയെ വർണാഭമാക്കും. മദ്രസ അധ്യാപകരും, മഹല്ല് ഭാരവാഹികളും, പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.