September 4, 2025

രാജ്യത്ത് ജിഎസ്ടി പരിഷ്‌കരിച്ചു ; നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറയും

Share

 

ദല്‍ഹി : ചരക്കു സേവന നികുതി വെട്ടിക്കുറയ്‌ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. ഇന്നലെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 

ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറയും. കേരളത്തിന് ഇത് നരേന്ദ്ര മോദിയുടെ തിരുവോണ സമ്മാനമായി. നിലവിലെ 5%, 12%, 18%, 28% സ്ലാബുകളില്‍ 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. 12 ശതമാനം നികുതിയുണ്ടായിരുന്ന സ്ലാബിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളെയും അഞ്ച് ശതമാനം സ്ലാബിലേക്കും 28 ശതമാനം സ്ലാബിലെ ഒട്ടുമിക്കവയെയും 18 ശതമാനം സ്ലാബിലേക്കും മാറ്റും. ഈ മാസം 22 മുതല്‍ പുതിയ ഘടന നിലവില്‍ വരുമെന്ന് യോഗത്തിനുശേഷം നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം പത്തര മണിക്കൂറായിരുന്നു.

 

‘ഈ പരിഷ്‌കാരങ്ങള്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും വ്യാപാര ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്,’ മന്ത്രി പറഞ്ഞു. ഏകദേശം 48,000 കോടി രൂപയുടെ നികുതി വരുമാന നഷ്ടം സര്‍ക്കാരിന് ഉണ്ടാകുമെങ്കിലും, ഇത് സാധാരണക്കാരുടെ കൈകളില്‍ കൂടുതല്‍ പണം ലഭ്യമാക്കുമെന്നും അതുവഴി സമ്ബദ്വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

 

പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച്‌, വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ഫാമിലി ഫ്‌ലോട്ടറുകള്‍, ചില മരുന്നുകള്‍ എന്നിവയ്‌ക്ക് ഇനി നികുതിയുണ്ടാകില്ല. കൂടാതെ, കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകളും ഈ നികുതി ഇളവിന്റെ പരിധിയില്‍ വരും. തെര്‍മോമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ സാധാരണ ഉപയോഗത്തിലുള്ള വൈദ്യോപകരണങ്ങള്‍ക്ക് 5% നികുതിയായിരിക്കും.

 

മുടി എണ്ണ, ഷാംപൂ, സോപ്പ്, മറ്റ് ടോയ്‌ലറ്ററികള്‍, പാലുല്‍പ്പന്നങ്ങള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ദൈനംദിന അവശ്യസാധനങ്ങളും 5% നികുതി സ്ലാബില്‍ ഉള്‍പ്പെടും.

 

അതേസമയം, ടെലിവിഷന്‍, എയര്‍ കണ്ടീഷണറുകള്‍, 350 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ ബൈക്കുകള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് 18% നികുതിയായിരിക്കും. പുകയില, പുകയില ഉത്പന്നങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഇടത്തരം, വലിയ കാറുകള്‍, 350 സി.സിക്ക് മുകളിലുള്ള ബൈക്കുകള്‍ എന്നിവയ്‌ക്ക് 40% അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകള്‍ക്കാണ് പുതിയ മാറ്റം വരുന്നത്.

 

വില കുറയുന്നവയും കൂടുന്നവയും

 

നിര്‍ത്തലാക്കിയ നിരക്കുകള്‍: 12% , 28% സ്ലാബുകളാണ് നിര്‍ത്തലാക്കിയത്.

 

നികുതി ഒഴിവാക്കിയത്: വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ (ഫാമിലി ഫ്‌ലോട്ടര്‍ ഉള്‍പ്പെടെ), അള്‍ട്രാ ഹൈ ടെമ്ബറേച്ചര്‍ പാല്‍, പനീര്‍, ഇന്ത്യന്‍ ബ്രെഡുകള്‍, 33 ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവക്ക് നികുതി പൂര്‍ണ്ണമായി ഒഴിവാക്കി.

 

5% സ്ലാബിലേക്ക് മാറ്റിയവ: ഹെയര്‍ ഓയില്‍, സോപ്പ്, ഷാംപൂ, ടൂത്ത് ബ്രഷ്, സൈക്കിള്‍, ടേബിളും കസേരയും, നമക്, നൂഡില്‍സ്, കോഫി, കോണ്‍ ഫ്‌ളേക്‌സ്, ബട്ടര്‍, നെയ്യ്, ബയോ കീടനാശിനികള്‍, കരകൗശല വസ്തുക്കള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, സ്‌പെക്ടക്കിള്‍സ്, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ തുടങ്ങിയവ.

 

18% സ്ലാബിലേക്ക് മാറ്റിയവ: എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടി.വികള്‍ (എല്ലാ ടി.വികള്‍ക്കും ഇനി 18% നികുതി), ചെറിയ കാറുകള്‍, 350 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ട്രാക്ടറുകള്‍, സിമന്റ്, ബസ്സുകള്‍, ട്രക്കുകള്‍, എല്ലാ ഓട്ടോ പാര്‍ട്‌സുകള്‍, ഓട്ടോറിക്ഷകള്‍. നോണ്‍-ഇക്കണോമി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളുടെ ജിഎസ്ടി 12% ല്‍ നിന്ന് 18% ആയി വര്‍ധിപ്പിച്ചു.

 

40% നികുതി: പുകയില, പാന്‍ മസാല, സിഗരറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, വലിയ കാറുകള്‍, 350 സി.സിക്ക് മുകളിലുള്ള ബൈക്കുകള്‍ എന്നിവക്ക് 40% Sin Tax ബാധകമാകും. നഷ്ടപ്പെട്ട വരുമാനം നികത്താനാണ് ഈ നീക്കം. നിലവില്‍ സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ എന്നിവക്ക് 28% ജിഎസ്ടിയും അതിന് പുറമെ സെസ്സും ഈടാക്കുന്നുണ്ട്. വായ്‌പ തിരിച്ചടച്ച്‌ കഴിയുമ്ബോള്‍ നിലവിലുള്ള സെസ് ഒഴിവാക്കി ഈ സാധനങ്ങള്‍ 40% സ്ലാബിലേക്ക് മാറ്റാനാണ് തീരുമാനം.

 

ഇലക്‌ട്രിക് വാഹനങ്ങള്‍: എല്ലാത്തരം ഇലക്‌ട്രിക് വാഹനങ്ങളുടെയും നികുതി നിരക്കില്‍ മാറ്റമില്ല, 5% ആയി തുടരും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.