September 4, 2025

ബിരുദ പഠനത്തിന് അവസരമൊരുക്കി ജില്ലാ പഞ്ചായത്ത് ; സെപ്‌റ്റംബർ 20 വരെ അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ജില്ലാ പഞ്ചായത്ത് സാക്ഷരത മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തുല്യത കോഴ്സ് വിജയിച്ച ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ച് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുന്നത്. 2024-25 സാമ്പത്തിക വർഷം

പത്തുലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി നീക്കിവെച്ചത്. 100 പഠിതാക്കൾക്ക് അഡ്മിഷൻ നൽകുകയും ഒന്ന് രണ്ട് സെമസ്റ്റർ ഫീസുകളും പരീക്ഷ ഫീസും യൂണിവേഴ്സിറ്റിക്ക് കൈമാറുകയും ചെയ്തു

 

2025-26 വർഷത്തേക്കുള്ള നൂതന പദ്ധതിക്കുള്ള അംഗീകാരവും ലഭിച്ചു. ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിസ്റ്ററി, ബിഎ സോഷ്യോളജി, ബിഎ സൈക്കോളജി, ബിഎ എക്കണോമിക്സ്, ബിഎ പൊളിറ്റിക്സ്, ബിഎ ഹിന്ദി, ബികോം തുടങ്ങിയ കോഴ്സുകളിലേക്കാണ് അവസരം. അപേക്ഷകർ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഹയർ സെക്കൻഡറി തുല്യത അഡ്മിഷൻ ടിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഗ്രാമപഞ്ചായത്തിന്റെ ശുപാർശ കത്തും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം സെപ്റ്റംബർ 20നകം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരത മിഷൻ ഓഫീസിൽ അപേക്ഷ നൽകണം.

 

സബ്സിഡി മാനദണ്ഡം അനുസരിച്ച് എല്ലാ സെമസ്റ്ററുകളുടെയും കോഴ്സ് ഫീസ്, പരീക്ഷാഫീസ് തുടങ്ങിയവ ജനറൽ വിഭാഗത്തിന് 50 ശതമാനം, എസ് സി വിഭാഗത്തിന് 75 ശതമാനം, എസ്ടി വിഭാഗത്തിന് 100 ശതമാനം എന്ന ക്രമത്തിൽ ജില്ലാ പഞ്ചായത്ത് യൂണിവേഴ്സിറ്റിക്ക് കൈമാറും. എല്ലാ വർഷവും പുതുതായി 100 പേർക്ക് വീതം ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനം.

 

കൂടുതൽ വിവരങ്ങൾക്ക് 9961477376 വാട്സ്ആപ്പ് നമ്പറിലേക്ക് വോയിസ് മെസ്സേജ്, ടെക്സ്റ്റ് മെസ്സേജ് എന്നിവ അയക്കാം. ഡിഗ്രി രജിസ്ട്രേഷൻ ഉദ്ഘാടനം സെപ്തംബർ എട്ടിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിക്കും.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.