September 3, 2025

ലോകത്താദ്യം : അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ഫംഗസും ബാധിച്ചയാളെ രക്ഷപ്പെടുത്തി, ചരിത്രമെഴുതി കേരളം

Share

 

തിരുവനന്തപുരം : അപൂർവ അമീബിക് മസ്തിഷ്ക ജ്വരവും ആസ്പർജില്ലസ് ഫ്ളാവസ് (Aspergillus flavus) ഫംഗസ് മസ്തിഷ്ക അണുബാധയും ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ലോകത്ത് തന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്ക അണുബാധയും ഒരുമിച്ച്‌ ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്.

 

ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച്‌ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർപരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജിലെ മുഴുവൻ ടീമിനേയും രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

 

മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് കുളത്തില്‍ മുങ്ങിക്കുളിച്ച്‌ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്കജ്വരം ഉണ്ടാകുകയും അതിനെ തുടർന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടൻ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്കജ്വര ചികിത്സ ആരംഭിച്ചതോടെ തളർച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മർദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആർഐ സ്കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പർജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടർന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടർന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടർന്ന് രോഗം പൂർണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്നത്തിനൊടുവില്‍ കുട്ടി പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.

 

ഇത് ഏറെ സങ്കീർണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിർണയം നടത്താൻ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിർണ്ണായകമായെന്നും ഡോക്ടർമാർ പറഞ്ഞു.

 

അമീബിക് മസ്തിഷ്ക ജ്വര ചികിത്സയില്‍ കേരളം ഏറെ മുന്നിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവർത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാൻ കേരളത്തിനായി സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേതും (39) ഈ വർഷത്തേയുമായി (47) ആകെ 86 അമീബിക് മസ്തിഷ്ക ജ്വരം കേസുകളാണുള്ളത്. അതില്‍ 21 മരണങ്ങളാണ് ഉണ്ടായത്. അതായത് ലോകത്ത് 99 ശതമാനം മരണ നിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24 ശതമാനമാണ്. വികസിത രാജ്യങ്ങളുള്‍പ്പെടെ സർവൈവല്‍ റേറ്റ് കുറവാണ്. കേരളത്തില്‍ കേസുകള്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടുപിടിക്കുകയും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. പ്രത്യേക ഗൈഡ് ലൈൻ തയ്യാറാക്കുകയും മെഡിക്കല്‍ കോളേജുകളിലെ മൈക്രോബയോളജി ലാബുകളില്‍ പരിശോധനാ സംവിധാനമൊരുക്കുകയും സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഏത് തരം അമീബയാണെന്ന് കണ്ടെത്താനുള്ള സംവിധാം ഒരുക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 30, 31 തിയതികളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിത കേരള മിഷനും മറ്റ് വകുപ്പുകളും ചേർന്ന് കിണറുകളില്‍ ക്ലോറിനേഷൻ നടത്തുകയും ചെയ്തിരുന്നു.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ന്യൂറോ സർജറി വിദഗ്ധനുമായ ഡോ. സുനില്‍ കുമാറാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്. ന്യൂറോ സർജൻമാരായ ഡോ. രാജ് എസ്. ചന്ദ്രൻ, ഡോ. ജ്യോതിഷ് എല്‍.പി., ഡോ. രാജാകുട്ടി, മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയില്‍ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങള്‍ എന്നിവരും പങ്കാളികളായി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.