August 31, 2025

വയനാട്ടില്‍ എലിപ്പനി മരണങ്ങൾ കൂടുന്നു : ചികിത്സ തേടാന്‍ വൈകരുത് – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Share

 

കല്‍പ്പറ്റ : വയനാട്ടില്‍ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍ പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി. മോഹന്‍ദാസ് അറിയിച്ചു. 2024ല്‍ ജില്ലയില്‍ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളുമുണ്ടായി. 25 പേര്‍ മരണപ്പെട്ടു. 2025ല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 45 സ്ഥിരീകരിച്ച കേസുകളും 102 സംശയിക്കുന്ന കേസുകളുമുണ്ടായിട്ടുണ്ട്. 18 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്‌കരുമാണ്. പട്ടികവര്‍ഗ മേഖലയിലുള്ളവരും ഉള്‍പ്പെടുന്നു. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടികൊണ്ടു പോയവരാണ് ഭൂരിഭാഗവും. എലിപ്പനി ബാധക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുമ്പോഴും ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.

 

പ്രായഭേദമന്യേ ആര്‍ക്കും എലിപ്പനി ബാധിക്കാമെന്നും നേരത്തേ ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമായി മരണം സംഭവിക്കാമെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. എലി, കന്നുകാലികള്‍, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി.

 

വെള്ളത്തിലും, ചെളിയിലും കലരുന്ന മൃഗമൂത്രത്തില്‍ അടങ്ങിയിരിക്കുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയകള്‍ കാലിലെയും മറ്റും ചെറിയ മുറിവുകളിലൂടെയോ നേര്‍ത്ത തൊലിയിലൂടെയോ ശരീരത്തിലെത്തി എലിപ്പനി രോഗബാധയുണ്ടാക്കുന്നു. തലവേദനയോടുകൂടിയ പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം. രോഗാവസ്ഥയനുസരിച്ച് കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നു.

 

നേരത്തേ കണ്ടെത്തി ചികിത്സിച്ചിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം. പനിയടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനും മരണം തടയുന്നതിനുമുള്ള മാര്‍ഗ്ഗം.

 

സ്ഥിര മദ്യപാനവും ലഹരി ഉപയോഗവും ലക്ഷണങ്ങളെ അവഗണിക്കുന്നതിനും രോഗം മൂര്‍ച്ഛിക്കുംവരെ ചികിത്സ നീട്ടി കൊണ്ടുപോകുന്നതിനും ഇടയാക്കും. ഇത്തരം ശീലങ്ങളുള്ളവരില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൃഗങ്ങളുടെ മൂത്രവുമായി സമ്പര്‍ക്കമുണ്ടാകാവുന്ന സാഹചര്യങ്ങള്‍ വയനാട് ജില്ലയിലെ വനാതിര്‍ത്തികളിലും തോട്ടങ്ങളിലും മറ്റും കൂടുതലാണ്.

 

എലി മാത്രമല്ല എലിപ്പനിയുണ്ടാക്കുന്നത്. നനവുള്ള പ്രദേശങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലുകള്‍, വയലുകള്‍, കുളങ്ങള്‍, മലിനമായ സ്ഥലങ്ങള്‍ തുടങ്ങി എവിടെയും മൃഗങ്ങളുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്നിട്ടുണ്ടാവാം. അവിടെ ചെരുപ്പിടാതെ നടക്കുന്നത് എലിപ്പനി ക്ഷണിച്ചു വരുത്തും. ശരിയായ ബൂട്ടുകളും ഗ്ലൗസുമില്ലാതെ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടരുത്. കുട്ടികളെ ചെളിയിലും വെള്ളത്തിലും കളിക്കാന്‍ വിടരുത്. വീട്ടില്‍ കഴിച്ച് ബാക്കിയുള്ള ഭക്ഷണം തുറന്നിടരുത്. വീടും പരിസരവും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികള്‍ പെരുകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യണം.

 

മാലിന്യവുമായും മലിനജലവുമായും സമ്പര്‍ക്കമുണ്ടായാല്‍ സോപ്പിട്ട് നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

 

മണ്ണുമായും മാലിന്യങ്ങളുമായും സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലുകളിലേര്‍പ്പെടുന്നവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍, ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന അളവിലും രീതിയിലും കഴിക്കണം. ഡോക്‌സിസൈക്ലിന്‍ എലിപ്പനി വരാതെ പ്രതിരോധിക്കുന്നതിനും രോഗം ഗുരുതരമാകാതിരിക്കുന്നതിനും സഹായിക്കുന്നു.

 

വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍, ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക, നേരത്തേയുള്ള ചികിത്സ എന്നിവയിലൂടെ എലിപ്പനി പൂര്‍ണ്ണമായി തടയുന്നതിനും എലിപ്പനി മൂലമുള്ള മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിയും.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.