ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷനില്‍ 537 ഒഴിവുകള്‍ : സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം

ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ലിമിറ്റഡിലെ (IOCL) പൈപ്പ്ലൈൻ ഡിവിഷനില്‍ വിവിധ സംസ്ഥാനങ്ങളിലായി 537 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ റിക്രൂട്ട്മെന്റില്‍ ടെക്നിക്കല്‍, നോണ്‍-ടെക്നിക്കല്‍ ട്രേഡുകളില്‍ അവസരങ്ങളുണ്ട്. അപേക്ഷാ നടപടികള്‍ സെപ്റ്റംബർ 18-ന് അവസാനിക്കും.
അഞ്ച് റീജിയണുകളിലായാണ് ഒഴിവുകള്‍. 156 സീറ്റുകള്‍ ഈസ്റ്റേണ്‍ റീജിയണിലാണ് (പശ്ചിമ ബംഗാള്‍, ബിഹാർ, അസം മുതലായവ). വെസ്റ്റേണ്‍ റീജിയണില്‍ (ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ മുതലായവ) 152 സീറ്റുകളും, നോർത്തേണ്‍ റീജിയണില്‍ (ഡല്‍ഹി, ഹരിയാന, യുപി മുതലായവ) 97 സീറ്റുകളും, സൗത്ത് ഈസ്റ്റേണ്‍ റീജിയണില്‍ (ഒഡീഷ, ഛത്തീസ്ഗഡ് മുതലായവ) 85 സീറ്റുകളും, സതേണ്‍ റീജിയണില്‍ (തമിഴ്നാട്, കർണാടക മുതലായവ) 47 സീറ്റുകളുമുണ്ട്.
ടെക്നീഷ്യൻ അപ്രന്റീസ് (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ടെലികമ്മ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ), ട്രേഡ് അപ്രന്റീസ് (അസിസ്റ്റന്റ്-ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടന്റ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ വിവിധ ട്രേഡുകളില്‍ അവസരങ്ങളുണ്ട്. ടെക്നീഷ്യൻ തസ്തികകള്‍ക്ക് എൻജിനീയറിങ്ങില്‍ ഫുള്‍ ടൈം ഡിപ്ലോമ, ട്രേഡ് അപ്രന്റീസ് തസ്തികകള്‍ക്ക് ബിരുദം, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകള്‍ക്ക് കുറഞ്ഞത് 12-ാം ക്ലാസ് പാസ് എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യതകള്‍.
2025 ഓഗസ്റ്റ് 31 പ്രകാരം അപേക്ഷകരുടെ പ്രായപരിധി 18-നും 24-നും ഇടയിലായിരിക്കണം. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച് SC/ST, OBC, PwBD വിഭാഗക്കാർക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്.
ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതാ പരീക്ഷകളില്‍ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കുക. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന്റെ കാലാവധി 12 മാസമായിരിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ആദ്യം NAPS/NATS പോർട്ടലില്‍ രജിസ്റ്റർ ചെയ്യുകയും, അതിനുശേഷം അവസാന തീയതിക്ക് മുൻപായി https://plapps.indianoilpipelines.in/ എന്ന IOCL പോർട്ടല്‍ വഴി അപേക്ഷ സമർപ്പിക്കുകയും വേണം.