സിബിഎസ്‌ഇ 10, 12 ബോര്‍ഡ് പരീക്ഷ : രജിസ്ട്രേഷൻ സെപ്തംബര്‍ 30 വരെ

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ രീതിയും ഫീസ് ഘടനയും പരിഷ്ക്കരിച്ച ശേഷം നടത്തുന്ന ആദ്യ പരീക്ഷയുടെ വിദ്യാർത്ഥികളുടെ പട്ടിക നല്‍കുന്നതിനുള്ള (പരീക്ഷാർത്ഥികളുടെ രജിസ്ട്രേഷൻ) തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബർ 30 വരെയാണ് രജിസ്ട്രേഷനുള്ള സമയം അനുവദിച്ചിട്ടുള്ളത്.
ഇത്തവണ മുതല്‍ സിബിഎസ്‌ഇ രണ്ട് ബോർഡ് പരീക്ഷകളായിട്ടാണ് പത്താംക്ലാസ് പരീക്ഷ നടത്തുന്നത്. ഇതില്‍ ആദ്യത്തേതിന്റെ രജിസ്ട്രേഷൻ തീയതിയാണ് പ്രഖ്യാപിച്ചത്.
ഇത്തവണ മുതല്‍ വിദ്യാർത്ഥികളുടെ കാര്യത്തില്‍ അപാർ ഐഡി നിർബന്ധമാക്കിയിട്ടുണ്ട്. അപാർ ഐഡി ഉള്‍പ്പെടുത്തി വേണം വിദ്യാർത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്ട്രർ ചെയ്യേണ്ടതെന്ന് സിബിഎസ്‌ഇ അറിയിച്ചു. ഇന്ത്യയിലെ സ്കൂളുകളില്‍ പഠിച്ച് പരീക്ഷയെഴുതന്ന വിദ്യാർത്ഥികള്‍ക്ക് മാത്രമാണ് അപാർ നിർബന്ധമാക്കിയിട്ടുള്ളതെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.
പരീക്ഷയെഴുതന്ന വിദ്യാർത്ഥികളുടെ പട്ടിക ( ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ്- എല്‍ ഒസി) എല്ലാവരും നല്‍കേണ്ടതുണ്ടെന്നും സിബിഎസ്‌ഇ വ്യക്തമാക്കി. 10-ാം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകളില്‍ ആദ്യത്തേത് എല്ലാ വിദ്യാർഥികള്‍ക്കും നിർബന്ധമാണെന്നതിനാല്‍ ഇതില്‍ വീഴ്ച വരുത്താൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 30 വരെയുള്ള രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞാല്‍ ഒക്ടോബർ മൂന്ന് മുതല്‍ 11 വരെ പിഴയോടെ രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കേണ്ടി വരും. കാലാവധി കഴിഞ്ഞ് നടത്തുന്ന രജിസ്ട്രേഷന് ഓരോ വിദ്യാർത്ഥിക്കും രണ്ടായിരം രൂപ വീതമാണ് പിഴ.
ഇത്തവണ പരീക്ഷാഫീസും സിബിഎസ്‌ഇ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള വിദ്യാർഥികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്ക് 1600 രൂപയാണു ഇത്തവണ ഒടുക്കേണ്ട ഫീസ്. ഓരോ വിഷയങ്ങള്‍ക്കും 20 രൂപ വീതമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഓരോ വിഷയത്തിനും 300 രൂപയാണ് പരീക്ഷാ ഫീസ്. ഇത് 320 രൂപയായി ഉയർത്തി. മൊത്തം അഞ്ച് വിഷയങ്ങള്‍ക്ക് 1,500 രൂപയായിരുന്നത് 1,600 രൂപ ആയി വർദ്ധിപ്പിച്ചു.
നേപ്പാളില്‍ ഈ ഫീസ് ഓരോ വിഷയത്തിനും 1,100 രൂപആയും മൊത്തം വിഷയങ്ങള്‍ക്ക് 5,500 രൂപആയും വർദ്ധിപ്പിച്ചിട്ടുള്ളത്. ഗള്‍ഫ് ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഓരോ വിഷയത്തിനുമുള്ള ഫീസ് 2,200 രൂപ ആയും മൊത്തം ഫീസ് 11,000രൂപയായുമാണ് കൂട്ടിയിട്ടുള്ളത്. പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഫീസ് (12 ആം ക്ലാസില്‍ മാത്രം) ഇന്ത്യയില്‍ 160 രൂപയായും നേപ്പാളില്‍ 175 രൂപയായും മറ്റ് രാജ്യങ്ങളില്‍ 375 രൂപയും അടയ്ക്കണം.
സിബിഎസ്‌ഇ സ്കൂളുകളില്‍ പ്രത്യേക പരിഗണ വേണ്ടുന്ന വിദ്യാർത്ഥികള്‍ക്കായി മൂന്ന് ശതമാനം സംവരണം ചെയ്യണമെന്ന ബോർഡ് നിർദ്ദേശം കർശനമായി പാലിക്കണന്ന് അക്കാദമിക് ഡയറക്ടർ സ്കൂളുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഒരുകാരണവശാലും പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശനം തടയരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയില്‍ സ്കൂളുകളില്‍ ശുചിമുറികള്‍ ഉള്‍പ്പടെയുള്ളവ ക്രമീകരിക്കണമെന്നും അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയില്‍ റാംപ്, ലിഫ്റ്റ് എന്നിവ ആവശ്യമാണെന്നും സിബിഎസ്‌ഇ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുഴുവൻ സമയ സ്പെഷ്യല്‍ എജ്യൂക്കേറ്റർ എങ്കിലും ഓരോ സ്കൂളിലും ആവശ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക്: https://www.cbse.gov.in/cbsenew/cbse.html