August 23, 2025

800 ൽ നിന്ന് 10,000 രൂപയിലേക്ക് ; പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി

Share

 

തിരുവനന്തപുരം : വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്. ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000 രൂപയുമാക്കി.

 

കഴിഞ്ഞ ബജറ്റില്‍ പഴയവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസർക്കാർ നല്‍കിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ല്‍നിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വരുമ്ബോള്‍ ടെസ്റ്റിങ് ഫീസും നല്‍കേണ്ടിവരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുകകൂടി കണക്കാക്കുമ്ബോള്‍ വാഹനത്തിന്റെ വിപണിമൂല്യത്തെക്കാള്‍ ചെലവുവരും.

 

കേന്ദ്രസർക്കാരാണ് നിരക്ക് വർധിപ്പിച്ചതെങ്കിലും നേട്ടം സംസ്ഥാനസർക്കാരിനാണ്. തുക സംസ്ഥാന ഖജനാവിലേക്കാണെത്തുക. കേന്ദ്രവിജ്ഞാപന പ്രകാരം ഓഗസ്റ്റ് 20 മുതല്‍ വർധനയ്ക്ക് പ്രാബല്യമുണ്ട്. ഈ ദിവസങ്ങളില്‍ രജിസ്ട്രേഷൻ പുതുക്കിയ വാഹനങ്ങള്‍ വർധിപ്പിച്ച ഫീസ് അടയ്ക്കേണ്ടിവരും. വാഹൻ സോഫ്റ്റ്വേറില്‍ വർധന പ്രാബല്യത്തില്‍വരാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും വെള്ളിയാഴ്ച പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കല്‍ തടസ്സപ്പെട്ടു.

 

15 വർഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കേന്ദ്രസർക്കാർ നേരത്തേ വർധിപ്പിച്ചിരുന്നു. ഇത് ഹൈക്കോടതി താത്കാലികമായി വിലക്കിയതിനാല്‍ നടപ്പായിട്ടില്ല. കേസില്‍ അന്തിമ തീർപ്പാകുന്നതുവരെ പഴയ ഫീസ് അടച്ചാല്‍മതി.

 

ഇരുചക്രവാഹനങ്ങള്‍ക്ക് 500-ല്‍നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് 800-ല്‍ നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങള്‍ക്ക് 800-ല്‍നിന്ന് 5000 രൂപയായിട്ടുമായിരുന്നു വർധന. ഉയർന്ന ഫീസ് ഈടാക്കാൻ കോടതിവിധിവന്നാല്‍ ഇതുവരെ രജിസ്ട്രേഷൻ പുതുക്കിയ വാഹനങ്ങളെല്ലാം അധികതുക അടയ്ക്കേണ്ടിവരും. ഇതിനുപുറമേയാണ് 20 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ഫീസും വർധിപ്പിച്ചത്.

 

കഴിഞ്ഞ ബജറ്റിലെ നികുതിവർധന (പുതിയ നിരക്ക് ബ്രാക്കറ്റില്‍)

 

* ഇരുചക്രവാഹനങ്ങള്‍ – 900 (1350)

 

* ചെറുകാറുകള്‍ – 6400 (9600)

 

* 750 കിലോയ്ക്കും 1500 കിലോയ്ക്കും ഇടയ്ക്കുള്ളവ – 8600 (12,900)

 

* 1500 കിലോയ്ക്ക് മുകളില്‍ ഭാരമുള്ളവ – 10,800 (16,200)


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.