15 കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം – സുപ്രീംകോടതി ; ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളി

ഡല്‍ഹി : പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത് ദേശീയ ബാലാവകാശ കമ്മിഷൻ നല്‍കിയ അപ്പീല്‍ തള്ളി.
പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യാൻ ബാലാവകാശ കമ്മിഷന് എന്തുകാര്യമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. 18 തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാവില്ലെന്നിരിക്കേ, വ്യക്തിനിയമത്തിന്റെ മാത്രം പിൻബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്നമെങ്കിലും തുറന്നുവെക്കണമെന്ന കമ്മിഷന്റെ ആവശ്യവും കോടതി തള്ളി. ഇതില്‍ നിയമപ്രശ്നമൊന്നും ബാക്കിനില്‍ക്കുന്നില്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിർദേശിച്ചു.
ഹൈക്കോടതികള്‍ പറഞ്ഞത്
മുസ്ലിം വ്യക്തി നിയമപ്രകാരം, പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാൻ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ചിരുന്നു. 16-കാരിയും 21-കാരനും വീട്ടുകാരില്‍നിന്ന് സുരക്ഷ തേടിയെത്തിയപ്പോഴായിരുന്നു ഇത്. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ, സർ ദിൻഷാ ഫർദുൻജി മുല്ലയുടെ ‘പ്രിൻസിപ്പിള്‍സ് ഓഫ് മുഹമ്മദൻ ലോ’യുടെ 195-ാം അനുച്ഛേദപ്രകാരം പ്രത്യുത്പാദനശേഷി കൈവരുന്ന പ്രായമായാല്‍ വിവാഹിതരാകാമെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി പറഞ്ഞു.
അത് തെളിയിക്കാനാവാത്തപക്ഷം 15 വയസ്സ് തികഞ്ഞാല്‍മതി. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാള്‍ക്കെതിരേ വീട്ടുകാർ പോക്സോ കേസ് നല്‍കിയിരുന്നു. കോടതി അത് തള്ളി
ബലാത്സംഗമാണ് നടന്നതെങ്കില്‍ മുസ്ലിം വ്യക്തിനിയമപ്രകാരം ‘പ്രായപൂർത്തി’യായി എന്നത് പോക്സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് മറ്റൊരു കേസില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.