ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ; ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ : മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി.എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് വലിയ വില കുറവില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിർത്താൻ സര്‍ക്കാരിന് സാധിച്ചു. വെളിച്ചെണ്ണയുടെ വില 457രൂപക്ക് എത്തിച്ചുവെന്നും ഓഗസ്റ് 25ന് ഓണ ചന്തയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
20 കിലോ അരി കിലോയ്ക്ക് 25രൂപ നിരക്കില്‍ ഓണത്തിന് ലഭ്യമാക്കും. സെപ്റ്റംബർ മാസത്തെ സബ്‌സിഡി സാധനങ്ങള്‍ ഓഗസ്റ്റ് മാസം മുതല്‍ വാങ്ങാൻ സാധിക്കും. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് 50% വിലക്കുറവില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാടൻ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്‌സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കിയ ശബരി ഉത്പന്നങ്ങള്‍. പായസം മിക്‌സ് മിതമായ വിലയില്‍ ഉയർന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.
പാലക്കാട്ടെ കർഷകരില്‍നിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍നിന്നുള്ള പച്ചരിയില്‍നിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയർന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്.