ടോള്‍ കടക്കാൻ നാളെ മുതല്‍ 15 രൂപ മതി

ഡല്‍ഹി : നാളെമുതല്‍ വെറും 15 രൂപ നല്‍കി നിങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം. കേന്ദ്രസർക്കാരിന്റെ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന സമ്മാനം നാളെമുതല്‍ പ്രാബല്യത്തില്‍ വരും. കാർ,വാൻ, ജീപ്പ് എന്നിവ ഉള്‍പ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇക്കഴിഞ്ഞ ജൂണിലാണ് വാർഷിക ടോള്‍ പദ്ധതിയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.
ഫാസ്‌ടാഗ് വാർഷിക പദ്ധതിയിലൂടെയാണ് കേന്ദ്രസർക്കാർ ജനങ്ങള്‍ക്ക് അസുലഭ അവസരം ഒരുക്കുന്നത്. 3,000 രൂപയ്ക്ക് ഫാഗ്‌ടാഗ് ഒരുവർഷത്തേക്ക് ചാർജ് ചെയ്യുന്ന ഒരാള്‍ക്ക് 200 യാത്രകള്‍ ചെയ്യാൻ അവസരം ലഭിക്കും. അങ്ങനെ നോക്കുമ്ബോള്‍ മൂവായിരം രൂപ അടച്ച് ഒരുവർഷത്തേക്ക് ഫാസ്‌ടാഗ് ചാർജുചെയ്ത ഒരാള്‍ക്ക് ഒരുതവണ ടോള്‍പ്ലാസ കടക്കാൻ വെറും 15 രൂപ മാത്രമേ ആകുന്നുള്ളൂ (3000/200) . ടോള്‍പ്ലാസകളിലൂടെ സ്ഥിരം യാത്രചെയ്യുന്നവർക്കാണ് ഏറെ പ്രയോജനം കിട്ടുക. നിലവില്‍ ടോള്‍പ്ലാസകളില്‍ വാഹനത്തിന്റെ തരം അനുസരിച്ചാണ് ചാർജ് ഈടാക്കുന്നത്. ഒരു കാർ ടോള്‍ഗേറ്റ് കടന്നുകിട്ടാൻ ഇപ്പോള്‍ 150 രൂപയെങ്കിലും കൊടുക്കണം. ഇതാണ് വാർഷിക ചാർജിംഗിലൂടെ വെറും 15 രൂപയാകുന്നത്. 200 യാത്ര അല്ലെങ്കില്‍ ആക്ടിവേഷൻ തീയതി മുതല്‍ ഒരുവർഷംവരെയാണ് കാലാവധി ഉണ്ടാവുക.
നിലവിലെ ഫാസ്‌ടാഗുതന്നെ ആനുവല്‍ ഫാസ്‌ടാഗായി റീചാർജ് ചെയ്യാനാവും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം
രാജ്മാർഗ് യാത്ര ആപ്പിലേക്കോ NHAI/MoRTH വെബ്സൈറ്റോ സന്ദർശിക്കുക.
നിങ്ങളുടെ വാഹന നമ്ബർ, ഫാസ്‌ടാഗ് ഐഡി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കി ലോഗിൻ ചെയ്യുക. ഫാസ്ടാഗ് സജീവവും ശരിയായി ഇൻസ്റ്റാള്‍ ചെയ്തതും നിങ്ങളുടെ വാഹനവുമായി ലിങ്ക് ചെയ്തതുമായിരിക്കണം എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
തുടർന്ന് യുപിഐ (UPI), ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓണ്‍ലൈനായി 3,000 രൂപ അടയ്ക്കുക. ഇതോടെ നിങ്ങളുടെ നിലവിലുള്ള ഫാസ്ടാഗില്‍ വാർഷിക പാസ് അറ്റാച്ചുചെയ്യും. രണ്ടുമണിക്കൂറിനുള്ളില്‍ വാർഷിക പാസ് സജീവമാകും. വാർഷികപാസ് ലഭിച്ചശേഷം അത് ഉപയോഗിക്കാതിരുന്നാല്‍ പണം നഷ്ടമാകും എന്നത് പ്രത്യേകം ഓർക്കണം.