August 10, 2025

സംസ്ഥാനത്ത് മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക് ; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ

Share

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്.

 

ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കുന്നത്. മൂന്നുവര്‍ഷം മുമ്ബും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

 

23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനില്‍ മദ്യം വാങ്ങാൻ കഴിയുക. മദ്യം നല്‍കുന്നതിന് മുമ്ബ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം. മദ്യവില്‍പ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.

 

കഴിഞ്ഞ സാമ്ബത്തിക വർഷം 9800 കോടിരൂപയാണ് ബെവ്കോയുടെ വരുമാനം. ഈവർഷം വരുമാനം 12000 കോടിയെത്തിക്കാനാണ് നീക്കം ഇതിനായാണ് ഓണ്‍ലൈൻ മദ്യവില്പന അടക്കമുള്ള ശുപാർശകള്‍ മുന്നോട്ട് വെച്ചത്. മദ്യം വീട്ടിലെത്തിക്കാനുള്ള വിശദമായ റിപ്പോർട്ട് തന്നെയാണ് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി തയ്യാറാക്കിയത്.

 

നേരത്തെ പല തവണ ഈ നിർദ്ദേശം ഉയർന്നിരുന്നു. കുട്ടികള്‍ മദ്യം വാങ്ങുമെന്നായിരുന്ന പദ്ധതിക്കെതിരെ എല്ലാകാലത്തും ഉയർന്ന എതിർപ്പ്. എന്നാല്‍, പ്രായപൂർത്തിയായെന്ന രേഖ കാണിച്ചാല്‍ മാത്രം ഓണ്‍ലൈൻ വഴി മദ്യം വിറ്റാല്‍ മതിയെന്നാണ് ബെവ്കോ എംഡിയുടെ നിർദ്ദേശം. ബുക് ചെയ്യാൻ പ്രത്യേക ആപ് ഉണ്ടാക്കും.

 

വീട്ടിലെത്തിക്കുമ്ബോള്‍ ഓണ്‍ലൈൻ ഡെലിവറിക്കാർക്ക് പ്രായപൂർത്തിയായെന്ന രേഖ കാണിക്കണം. ടെണ്ടർ വിളിച്ച്‌ ഡെലിവറി പാർട്ണറെ തീരുമാനിക്കാമെന്നാണ് ബെവ്കോ നിർദ്ദേശം. ഓണ്‍ലൈൻ മദ്യവില്പനക്കൊപ്പം വീര്യം കുറഞ്ഞ മദ്യവും വിപണിയില്‍ ഇറക്കണമെന്നും ബെവ്കോ എംഡിയുടെ ശുപാർശയിലുണ്ട്. ഇതിനായി നികുതി ഘടനയില്‍ മാറ്റവും നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശത്തോട് എക്സൈസ് വകുപ്പിന് താല്പര്യമുണ്ട്. വീര്യം കൂടിയുള്ള മദ്യവില്പന വഴി വരുമാനം കുറയുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നികുതി ഘടന പുതുക്കിയശേഷം ഈ നിർദ്ദേശം നടപ്പാക്കാനാണ് ശ്രമം.

 

അതേസമയം, ഓണ്‍ലൈൻ മദ്യവില്‍പ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നല്‍കിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവില്‍പ്പനയെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും എംബി രാജേഷ് പറ‍ഞ്ഞു. മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നു. സർക്കാർ അംഗീകരിച്ച ഒരു മദ്യനയമുണ്ട്.

 

അതില്‍ കേന്ദ്രീകരിച്ച പ്രവർത്തനം നടത്തും. മദ്യ വില്‍പ്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം നമ്മുടെ മുന്നില്‍ ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസ്റ്റിലറി അനുവദിച്ചവർ ഇവിടെ ശക്തമായ വിമർശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേല്‍പ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറ‍ഞ്ഞു.

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.