August 10, 2025

ഓണം മുന്നില്‍കണ്ട് പൂഴ്ത്താനുള്ള സ്വകാര്യ ലോബിയുടെ നീക്കം പാളി ; തമിഴ്‌നാട്ടില്‍നിന്ന് കൊപ്ര എത്തിയതോടെ വെളിച്ചെണ്ണ വില കുറയുന്നു : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വെളിച്ചെണ്ണയും എത്തും

Share

 

തിരുവനന്തപുരം : വെളിച്ചെണ്ണ വിലയില്‍ വീട്ടു ബജറ്റ് പൊള്ളിയിട്ട് മാസമൊന്നു പിന്നിട്ടപ്പോള്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്. തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴ്ന്നു തുടങ്ങി. 500 രൂപയ്ക്ക് മുകളില്‍ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 400ലാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

 

സപ്ലൈകോ വഴി രണ്ട് ലിറ്റര്‍ വീതം വെളിച്ചെണ്ണ നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയില്‍ നിര്‍ണായകമായി. ഓണ സമയത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്നാട് ലോബി തയാറായതാണ് പെട്ടെന്ന് വില കുറയാനിടയാക്കിയത്.

 

90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ വിപണിയിലെ ആവശ്യകത കുറയും. ഓണത്തിന് വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ലോബി ഇപ്പോള്‍ ശേഖരിച്ചു വച്ചിരുന്ന എണ്ണ വിപണിയിലേക്ക് എത്തിക്കുകയാണ്. വെളിച്ചെണ്ണ വില കൂടിയതോടെ പലരും പാമോയില്‍, സസ്യഎണ്ണ എന്നിവയിലേക്ക് മാറിയിരുന്നു. ഇതും വെളിച്ചെണ്ണ ഡിമാന്‍ഡ് കുറച്ചു.

 

കേരളത്തിലെ മില്ലുകളിലേക്ക് കൊപ്ര കൂടുതലായും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കഴിഞ്ഞ രണ്ടു മാസമായി കൊപ്ര വരവ് തീര്‍ത്തും കുറഞ്ഞിരുന്നു. എന്നാല്‍ വിളവെടുപ്പ് തുടങ്ങിയതോടെ തേങ്ങ ലഭ്യത ഉയര്‍ന്നിട്ടുണ്ട്. 280 രൂപ വരെ പോയിരുന്ന കൊപ്ര ഇപ്പോള്‍ 220 രൂപയില്‍ താഴെയായിട്ടുണ്ട്.

 

കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന തേങ്ങ പിന്നീട് കൊപ്രയായിട്ടോ വെളിച്ചെണ്ണയായിട്ടോ ആണ് തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നത്. കൊപ്ര ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് ചെറുകിട മില്ലുകള്‍ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിയിരുന്നു. വീണ്ടും കൊപ്ര വന്നുതുടങ്ങിയതോടെ ഈ മില്ലുകള്‍ വീണ്ടും സജീവമാകും.

 

ഉയര്‍ന്ന വിലയ്ക്ക് കൊപ്ര ശേഖരിക്കേണ്ടി വന്ന കേരഫെഡിന് വലിയ തിരിച്ചടിയാണ് പെട്ടെന്നുള്ള വിലക്കുറ് പ്രതിസന്ധിയാകുന്നത്. കൊപ്രയ്ക്ക് 275 രൂപ വന്നപ്പോള്‍ 299 രൂപയ്ക്കാണ് കേരഫെഡ് കൊപ്ര സംഭരിച്ചത്. സംഭരിച്ചതിലും വളരെ താഴ്ന്ന നിരക്കില്‍ എണ്ണ വില്ക്കണമെന്നതാണ് കേരഫെഡിന് മുന്നിലുള്ള പ്രതിസന്ധി.

 

ചൈനയില്‍ തേങ്ങ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതാണ് തേങ്ങ ക്ഷാമത്തിനുള്ള കാരണങ്ങളിലൊന്ന്. ചൈന വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കൊപ്ര ഇറക്കുമതി ചെയ്യാനുള്ള സാധ്യത ഇതുമൂലം ഇല്ലാതായി. കേരളത്തില്‍ നിന്നുള്ള തേങ്ങ മുഴുവന്‍ തമിഴ്‌നാട്ടിലെ മില്ലുകള്‍ പൊന്നുംവിലയ്ക്ക് വാങ്ങുകയാണ്. ചകിരിയോടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയാണ് അവര്‍ ചെയ്യുന്നത്.

 

രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്ബത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.