ട്രെയിൻ ടിക്കറ്റിന് 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കാൻ ഇത്രമാത്രം ചെയ്താല്‍ മതി; പുതിയ റൗണ്ട് ട്രിപ് പാക്കേജുമായി ഇന്ത്യൻ റെയില്‍വെ

ഇന്ത്യൻ റെയില്‍വെയുടെ റൗണ്ട് ട്രിപ് പാക്കേജിലൂടെ ട്രെയിൻ ടിക്കറ്റിന് 20 ശതമാനം ഡിസ്കൗണ്ട്. യാത്ര ചെയ്യേണ്ടത് എവിടേക്കാണോ ആ സ്ഥലത്തേക്കുള്ള ടിക്കറ്റെടുക്കുമ്ബോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യുന്നതിലൂടെയാണ് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഉത്സവകാലത്തെ തിരക്ക് കുറക്കാനും ബുക്കിംഗ് നടപടികള്‍ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഇന്ത്യൻ റെയില്‍വെ പുതിയ റൗണ്ട് ട്രിപ്പ് പാക്കേജ് അവതരിപ്പിക്കുന്നത്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്രക്കുള്ള ടിക്കറ്റ് കൂടി എടുക്കുന്നവര്‍ക്കാണ് റിട്ടേണ്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുക. ഓഗസ്റ്റ് 14 മുതല്‍ പദ്ധതി ആരംഭിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു.
ഉത്സവകാലത്ത് ഇന്ത്യന്‍ റെയില്‍വേ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഉത്സവകാലത്തെ തിരക്ക് കുറക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. റെയില്‍വേയുടെ ബുക്കിങ് വെബ്‌സൈറ്റിലെ കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍ വഴിയാണ് ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ആദ്യ യാത്ര 2025 ഒക്ടോബര്‍ 13 നും – 2025 ഒക്ടോബര്‍ 26 നും ഇടയിലായിരിക്കണം. മടക്കയാത്ര 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ 1 നും ഇടയിലാകണമെന്നും റെയില്‍വേ വ്യക്തമാക്കി.
എന്നാല്‍ 60 ദിവസം മുമ്ബ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന അഡ്വാന്‍സ് റിസര്‍വേഷന്‍ പിരിയഡ് ചട്ടങ്ങള്‍ ഇതിന് ബാധകമായിരിക്കില്ല. തിരക്ക് അനുസരിച്ച് നിരക്ക് വര്‍ധിക്കുന്ന ഫ്‌ളെക്‌സി ഫെയറുകളുള്ള ട്രെയിനുകളിലൊഴിച്ച് മറ്റെല്ലാ ട്രെയിനുകളിലും എല്ലാ ക്ലാസിലും ഈ ഇളവ് ലഭ്യമാണ്. രണ്ട് ടിക്കറ്റുകളും ഒരേ ബുക്കിംഗ് രീതിയില്‍ എടുത്തിരിക്കണം. ഈ ടിക്കറ്റുകള്‍ക്ക് റീഫണ്ടോ മറ്റ് അധിക ഇളവുകളോ അനുവദിക്കില്ലെന്നും റെയില്‍വേ അറിയിച്ചു.