കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര- ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും കൃത്രിമം നടന്നു : രാഹുല്‍ ഗാന്ധി

ഡല്‍ഹി : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര- ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണവിരുദ്ധ വികാരം ഇല്ലാത്തതിന് എപ്പോഴും ഒരു കാരണം ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ രാഹുല്‍ പുല്‍വാമയും ഓപ്പറേഷൻ സിന്ദൂറും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍, അഞ്ച് വർഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടർമാരെ 5 മാസം കൊണ്ട് പുതുതായി ചേർത്തതും, വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടർ പട്ടികയില്‍ സംഭവിച്ച വോട്ടർമാരുടെ വർധനയും കുതിച്ചു ചാട്ടവും സംശയകരമാണെന്ന് രാഹുല്‍ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തെളിവുകള്‍ ഇല്ലാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതായും രാഹുല്‍ ആരോപിച്ചു.
വോട്ടർപട്ടികയുടെ ഇലക്ടോണിക് ഡാറ്റ നല്‍കാത്തത് കൃത്രിമം കണ്ടെത്തുമെന്നത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. ‘നിങ്ങള്‍ രണ്ടുതവണ വോട്ട് ചെയ്തോ എന്നോ നിങ്ങളുടെ പേര് വോട്ടർ പട്ടികയില്‍ രണ്ടുതവണയുണ്ടോ എന്നോ എനിക്ക് കണ്ടെത്തണമെങ്കില്‍, നിങ്ങളുടെ ചിത്രമെടുത്ത് ഈ ഓരോ കടലാസുമായി ഒത്തുനോക്കേണ്ടി വരും. ഇതാണ് അതിലെ നടപടിക്രമം, ഇത് വളരെ മടുപ്പിക്കുന്ന ഒരു പ്രക്രിയയുമാണ്. ഒന്നിലധികം സീറ്റുകളില്‍ ഇത് ചെയ്യാമെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയിരുന്നത്, എന്നാല്‍ ഈ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇലക്‌ട്രോണിക് ഡാറ്റ നല്‍കാത്തതെന്ന് മനസ്സിലായത്. കാരണം, ഞങ്ങള്‍ ഇത് സൂക്ഷ്മമായി പരിശോധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഈ ദൗത്യം പൂർത്തിയാക്കാൻ ഞങ്ങള്‍ക്ക് ആറുമാസം വേണ്ടിവന്നു.. തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങള്‍ക്ക് ഇലക്‌ട്രോണിക് ഡാറ്റ നല്‍കിയിരുന്നെങ്കില്‍, ഇതിന് 30 സെക്കൻഡ് മതിയാകുമായിരുന്നു. വിവരങ്ങള്‍ വിശകലനം ചെയ്യപ്പെടാതിരിക്കാനാണ് ഞങ്ങള്‍ക്ക് ഈ രൂപത്തില്‍ അവ നല്‍കുന്നത്’ രാഹുല്‍ പറഞ്ഞു.
അതുകൊണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ളവരല്ല, അതിനെ സംരക്ഷിക്കാനുള്ളവരാണ്. ഈ വിവരങ്ങളെല്ലാം ഇപ്പോള്‍ തെളിവുകളാണ്. കർണാടകയിലെ വിവരങ്ങള്‍ മാത്രമല്ല, രാജ്യത്തെ ഓരോ വോട്ടർ പട്ടികയും തെളിവാണ്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ഒരു കുറ്റകൃത്യമാണ്. ഇതൊരു നിയമസഭാമണ്ഡലത്തിലെ കുറ്റകൃത്യത്തിന്റെ മാത്രം തെളിവാണ്. ഞങ്ങള്‍ക്ക് പൂർണ്ണ ബോധ്യമുണ്ട്, രാജ്യത്തുടനീളം, ഓരോ സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം വളരെ വലിയ തോതില്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിനാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം സിസിടിവി ദൃശ്യങ്ങളും വോട്ടർ പട്ടികയും ഇപ്പോള്‍ ഒരു കുറ്റകൃത്യത്തിന്റെ തെളിവുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ, അത് നശിപ്പിക്കാനുള്ള തിരക്കിലുമാണ്.