August 7, 2025

വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; 65 ലക്ഷം കുടുംബങ്ങളെ ബാധിക്കും, നഷ്ടമാകുക 148 രൂപയുടെ ഇളവ്‌

Share

 

സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവർക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്ബോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക. ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്‌ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്സിഡിക്ക് തുക കെഎസ്‌ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടൻ തീർപ്പാകുമ്ബോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസർക്കാരിലേക്ക് അടയ്ക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012-ല്‍ നിരക്ക് ഉയർത്തിയപ്പോള്‍ കുറഞ്ഞ ഉപഭോഗമുള്ളവർക്ക് ഈ നിരക്കുവർധന ബാധിക്കാതിരിക്കാനാണ് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പ്രതിവർഷം 303 കോടിരൂപ വേണം.

 

വൈദ്യുതിബോർഡ് 2013-ല്‍ കമ്ബനിയായി മാറിയപ്പോള്‍, സർക്കാരില്‍നിന്ന് സ്വത്തുക്കള്‍ കമ്ബനിയിലേക്കു മാറ്റാൻ ധാരണയുണ്ടാക്കി. പെൻഷൻ നല്‍കുന്നതിനായി മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നിക്ഷേപിക്കാനും സർക്കാരും ബോർഡും ജീവനക്കാരുടെ സംഘടനകളും ചേർന്ന് ത്രികക്ഷികരാറില്‍ ഒപ്പുവെച്ചിരുന്നു.

 

ഇതുപ്രകാരം ട്രസ്റ്റിനുണ്ടാകുന്ന പെൻഷൻ ബാധ്യതയുടെ 65.4 ശതമാനം വൈദ്യുതിബോർഡും 34.6 ശതമാനം സർക്കാരും ഏറ്റെടുക്കണം. 10 വർഷത്തേക്ക് സർക്കാർ വിഹിതം സർക്കാരിനുവേണ്ടി കെഎസ്‌ഇബി സ്വരൂപിക്കുന്ന ഡ്യൂട്ടിയില്‍നിന്ന് നല്‍കാൻ തീരുമാനിച്ചു. കാലാവധി പൂർത്തിയായതോടെ 2023 നവംബർ ഒന്നിന് ഇലക്‌ട്രിസിറ്റി ഡ്യൂട്ടി സർക്കാരിലേക്ക് അടയ്ക്കാൻ ഉത്തരവിറങ്ങി. മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നല്‍കുന്നതിനുള്ള ത്രികക്ഷികരാറിലെ 6(9) വകുപ്പുകൂടി റദ്ദുചെയ്തു.

 

പെൻഷനെ ബാധിക്കുന്ന വകുപ്പ് റദ്ദാക്കിയതിനെതിരേ കെഎസ്‌ഇബി പെൻഷനേഴ്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. ഡ്യൂട്ടി സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയായി പിരിക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കാതെ കെഎസ്‌ഇബിതന്നെ സൂക്ഷിച്ചു.

 

കേസ് പ്രതികൂലമാകുമെന്ന് കണ്ടതോടെ ജൂലായില്‍ പെൻഷനെ ബാധിക്കുന്ന വകുപ്പുകള്‍ പുനഃസ്ഥാപിച്ച്‌ സംസ്ഥാനസർക്കാർ ഉത്തരവിട്ടു. ഇതോടെ കേസിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാകും.

 

പെൻഷനും അവതാളത്തിലാകും

 

ഒരുവർഷം ഡ്യൂട്ടിയായി പിരിച്ചെടുക്കുന്നത് 1500 കോടിയാണ്. നിലവില്‍ കെഎസ്‌ഇബി പെൻഷൻകാരുടെ എണ്ണം 41,000 ആണ്. ഒരുവർഷം പെൻഷൻ നല്‍കുന്നതിന് 2500 കോടിയാണ് ചെലവ്. ഇതില്‍ 1400 കോടിയാണ് താരിഫില്‍നിന്ന് എടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെഎസ്‌ഇബിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ബാക്കി 1100 കോടിരൂപ ഇലക്‌ട്രിസിറ്റി ഡ്യൂട്ടിയില്‍നിന്നാണ് കണ്ടെത്തിയിരുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.