July 25, 2025

സമൂഹ മാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് ; യുവാവ് പിടിയിൽ

Share

 

കൽപ്പറ്റ : സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവിനെ വയനാട് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടി. വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ വിവാഹലോചന അക്കൗണ്ടുകൾ നിർമ്മിച്ചു തട്ടിപ്പ് നടത്തി വന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ്‌ റമീസ് (27)നെയാണ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

 

ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നത്.

 

പ്രശസ്ത മാട്രിമോണിയൽ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ നിന്നും സ്ത്രീകളുടെ ഫോട്ടോ അടക്കമുള്ള വ്യക്തി വിവരങ്ങൾ കൈവശപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ വഴി ഇടപാടുകാരെ കണ്ടെത്തി രജിസ്ട്രേഷൻ ഫീസ് വാങ്ങി ഫോട്ടോ അയച്ചു നൽകി കബളപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ സഹായികൾ തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജേന സംസാരിച്ചാണ് വിശ്വാസം ആർജ്ജിക്കുന്നത്.

 

ചൂരൽമല സ്വദേശിയായ യുവാവ് തന്റെ ബന്ധുവിന്റെ വിവാഹലോചനക്കായി ഇവരുമായി ബന്ധപ്പെട്ട് 1400 രൂപ നൽകി രജിസ്റ്റർ ചെയ്തിരുന്നു. പണം വാങ്ങിയ ശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക്‌ ചെയ്തു. തുടർന്ന് മറ്റൊരു നമ്പറിൽ നിന്നും ബന്ധപ്പെട്ടപ്പോൾ മുൻപ് അയച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോ തട്ടിപ്പുകാർ മറ്റൊരു പേരിൽ അയച്ചു നൽകിയപ്പോൾ തട്ടിപ്പ് മനസിലാക്കുകയും സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.

 

ഒരു മാസത്തിനുള്ളിൽ തന്നെ തട്ടിപ്പുക്കാരന്റെ അക്കൗണ്ടിലേക്ക് 1400 രൂപ വെച്ചു 300 ഓളം ഇടപാടുകൾ നടന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇയാൾക്കെതിരെ നാഷണൽ സൈബർ റിപ്പോർട്ടിങ് പോർട്ടലിൽ (1930) 27 ഓളം പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് സംഘത്തിൽ എസ്.ഐ ബിനോയ്‌ സ്‌കറിയ, എസ്.സി.പി.ഒ അബ്ദുൽ സലാം, സി.പി.ഒമാരായ അരുൺ അരവിന്ദ്, മുഹമ്മദ്‌ അനീസ് എന്നിവരും ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.