July 23, 2025

വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍

Share

 

വെള്ളമുണ്ട : വയനാട്ടില്‍ വീണ്ടും എം.ഡി.എം.എ വേട്ട, വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല വീട്ടില്‍, അമല്‍ ശിവന്‍ (30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സേനയും മാനന്തവാടി ഡിവൈഎസ്പിയുടെ സ്‌ക്വാഡും വെള്ളമുണ്ട പോലീസും ചേര്‍ന്ന് പിടികൂടിയത്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ വധശ്രമത്തിനും, തുമ്പ പോലീസ് സ്‌റ്റേഷനില്‍ മോഷണ കുറ്റത്തിനും, തിരുവല്ലം, നെയ്യാര്‍ഡാം, നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുകളില്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്കും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കേസുകളില്‍ ജാമ്യമെടുത്ത് വയനാട്, പടിഞ്ഞാറത്തറയില്‍ ഏഴു മാസത്തോളമായി വാടകക്ക് താമസിച്ചു വരുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും എം,ഡി.എം.എ വാങ്ങി പടിഞ്ഞാറത്തറയില്‍ എത്തിച്ചായിരുന്നു വില്‍പ്പന. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

 

22072025 തീയ്യതി പുലര്‍ച്ചെ ആറുവാള്‍, പുഴക്കല്‍ പീടികയില്‍ വെച്ചാണ് അമല്‍ ശിവന്‍ വലയിലാകുന്നത്. KL-22-R-8631 നമ്പര്‍ യമഹ എം.ടി ബൈക്കിന്റെ സീറ്റിനടിയില്‍ ടൂള്‍ കിറ്റ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സിഗരറ്റ് പായ്ക്കറ്റിനുള്ളിലായി രണ്ട് പ്ലാസ്റ്റിക്കിന്റെ കവറുകളിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.

 

ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന പടിഞ്ഞാറത്തറയിലുള്ള വാടക വീട്ടിലും പോലീസ് പരിശോധന നടത്തി. എം ഡി എം എ വിവിധ ആളുകള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 38 ട്രാന്‍സ്പരന്റ് കവറുകള്‍ ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസവും ജില്ലയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോള്‍, എസ്.ഐ മാരായ ഷമീര്‍, രാജേഷ്, എ.എസ്.ഐ സജി, എസ്.സി.പി.ഓ മാരായ ഷംസുദ്ധീന്‍, അനസ്, സി.പി.ഓ മാരായ റാഷിദ്, സുഹൈല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.