കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

ബത്തേരി : ചെതലയം വളാഞ്ചേരി അടിവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. ചെതലയം സ്വദേശി ശിവൻ (55) ആണ് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ശിവൻ. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആനയെ കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറാനായെങ്കിലും ശിവന് വരാന്ത വരെ മാത്രമേ എത്താൻ സാധിച്ചുള്ളൂ. അപ്പോഴേക്കും ആന ശിവന്റെ കഴുത്തിനും മുതുകിനും തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് ആന പിൻവാങ്ങിയത്.
തുടർന്ന് വനപാലകർ എത്തി കാട്ടാനയെ തുരത്തിയ ശേഷം പരിക്കേറ്റ ശിവനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും, അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.