സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുക്ത സമര സമിതിയാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് പണിമുടക്ക്.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി നടത്തിയ ചർച്ചയില്‍ ധാരണയിലെത്താൻ ആകാത്തതിനെ തുടർന്നാണ് സമരം. ചർച്ചക്ക് പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നു പിൻമാറി. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ ഗതാഗത സെക്രട്ടറി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് ചർച്ചയില്‍ ഗതാഗത മന്ത്രി പറഞ്ഞത്.
വിദ്യാർഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷൻ കാർഡ് തടയുക, ദീർഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകള്‍ സൂചനാ സമരം നടത്തിയിരുന്നു. പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസുടമകള്‍ വ്യക്തമാക്കിയിരുന്നു.