July 21, 2025

വീട്ടില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

Share

 

മാനന്തവാടി : ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അവരില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് പേരെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്, മീത്തലെപീടികയില്‍ വീട്, കാരായി അരൂഷ്(52), കല്‍പ്പറ്റ, എരഞ്ഞിവയല്‍, കോഴിക്കോടന്‍ വീട്, അബൂബക്കര്‍(64), മാടക്കര, കോളിയാടി, വലിയവട്ടം വീട്ടില്‍, ശിവന്‍(55) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

 

ഒഴക്കോടി, അനിയറ്റ്കുന്നില്‍ താമസിക്കുന്ന ഒമ്പതേടത്ത് വീട്ടില്‍ തങ്കമണി(87)യുടെ പരാതിയിലാണ് നടപടി. ഇവരുമായി നല്ല ബന്ധത്തിലല്ലാത്ത മകളെ അവരുടെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കടക്കെണി വിമോചന മുന്നണി എന്ന പേരില്‍ 20 ഓളം ആളുകള്‍ ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് പരാതിക്കാരിയുടെ വീട്ടിലേക്ക് പ്രകടനമായി എത്തുകയും നാശനഷ്ടം വരുത്തുകയുമായിരുന്നു.

 

19.07.2025 തിയ്യതി രാവിലെ 11 മണിയോടെയാണ് സംഭവം. ഇരുപതോളം പേര്‍ സംഘം ചേര്‍ന്ന് തങ്കമണിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും വീടിന്റെ പുട്ടും വാതിലും പൊളിച്ച് അകത്ത് അതിക്രമിച്ച് കയറുകയുമായിരുന്നു. വിവരം ലഭിച്ചയുടനെ ജൂനിയര്‍ എസ്.ഐ അതുല്‍ മോഹന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും വീടിനുള്ളില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

സംഭവ സ്ഥത്ത് നിന്നും പൊട്ടിയ നിലയിലുള്ള വാതിലിന്റെ പുട്ടിന്റെ ഭാഗവും, പൊട്ടിച്ച നിലയിലുള്ള CCTV DVR ഉം, കടക്കെണി വിമോചന മുന്നണി എന്ന പേരില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബന്തവസ്സിലെടുത്തു. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അതുല്‍ മോഹന്‍, എം.സി പവനന്‍, എ എസ് ഐ ഷെമ്മി, എസ്.സി.പി.ഓമാരായ സി.എച്ച് നൗഷാദ്, സി.പി.ഓ റാഷിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.