യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം : ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍

ബത്തേരി : യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേര്‍ന്ന് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍. പാതിരിപാലം, കൈതക്കാട്ടില്‍ വീട്ടില്‍ നവീന്‍ ദിനേശ്(24) നെയാണ് കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍ നിന്ന് ബത്തേരി എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ ബത്തേരി, ചൊക്ലി പോലീസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്.
സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍, അമാന്‍ റോഷന്‍ (25), കുപ്പാടി, കൊടുപ്പാറ വീട്ടില്‍, കെ. മുഹമ്മദ് നാസിം (28), കോളിയാടി, വട്ടപറമ്പില്‍ വീട്ടില്‍ ബി.പി നിഷാദ് (20) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
12.06.2025 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബത്തേരി മലബാര്‍ ഗോള്‍ഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന വേങ്ങൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. തടഞ്ഞു നിര്‍ത്തി മാരകായുധം കൊണ്ട് മര്‍ദിച്ചപ്പോള്‍ വലത് പുരികത്തിനു മുകളില്‍ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റു. ഇയാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എ.എസ്.ഐ സലിംകുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഓ ലബ്‌നസ്, സി.പി.ഒമാരായ അനിത്ത്, ഡോണിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു