July 16, 2025

ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ല, നീതി നടപ്പാക്കുന്നത് വരെ മുന്നോട്ട് പോകും ; നിമിഷ പ്രിയയുടെ മോചനത്തില്‍ എതിര്‍പ്പുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

Share

സനാ : നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

 

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകള്‍ തുടരും എന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. തലാലിന്റെ കുടുബത്തിന്റെ എതിർപ്പ് മറികടന്ന് വടക്കൻ യമൻ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിൻ്റെ സഹോദരൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

 

കുടുംബവുമായി ദിയാധനം, മാപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചർച്ചകള്‍ തുടരുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ ആക്ഷൻ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ആക്ഷൻ കൗണ്‍സില്‍ നന്ദി അറിയിക്കുകയും ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകള്‍ക്ക് തുടക്കമായത്.

 

യമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകള്‍ യെമനില്‍ ആരംഭിച്ചത്. ഗോത്ര നേതാക്കളും കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും നിയമസമിതി അംഗങ്ങളും കുടുംബാംഗങ്ങളും ചർച്ചകളില്‍ പങ്കെടുത്തു. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തില്‍ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു. ഇതാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്ന നീക്കങ്ങളില്‍ നിർണ്ണായകമായതെന്നാണ് വിവരം.

 

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്ബനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും.

 

 

യമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വില്‍ക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതർക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.