തൊഴിലന്വേഷകർക്ക് ഡിഡബ്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

ബത്തേരി : ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്ന തൊഴിൽ അന്വേഷകരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു.
അസാപ്പിന്റെ സഹകരണത്തോടെ തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണികളിൽ വിദഗ്ധ പരിശീലനം നൽകാൻ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക തലം മുതൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പരിപാടിയിൽ തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്ന ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്‌റ്റം എന്ന ഡിഡബ്യുഎംഎസ് പോർട്ടലിന്റെ പ്രവർത്തന രീതി വിജ്ഞാന കേരളം കോ ഓർഡിനേറ്റർമാർ വിശദീകരിച്ചു.
നിലവിൽ ജില്ലയിൽ 35000 ത്തോളം ഉദ്യോഗാർത്ഥികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
തൊഴിലന്വേഷകർക്ക് ആത്മവിശ്വാസത്തോടെ അഭിമുഖത്തിൽ പങ്കെടുക്കാൻ ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ,
തൊഴിലിടങ്ങളിലെ പരസ്പര ആശയവിനിമയ വൈദഗ്ദ്ധ്യം, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം എന്നിവ വികസിപ്പിക്കാൻ പ്രത്യേകം തയ്യാറാക്കിയ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, ഓൺലൈനായി ഇംഗ്ലീഷ് ഭാഷ നിലവാരം സൗജന്യമായി പരിശോധിക്കാൻ
‘ഇംഗ്ലീഷ് സ്കോർ’ ടെസ്റ്റ്,
റോബോട്ടിക് ഇന്റർവ്യൂ, തൊഴിൽ അന്വേഷകന് അവനവന്റെ കഴിവുകളും പോരായ്‌മകളും മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് സഹായകരമാവുന്ന സൈക്കോമെട്രിക് ടെസ്റ്റ്, കരിയർ കൗൺസിലിങ് തുടങ്ങി പുതിയകാലത്തിന്റെ തൊഴിൽ സങ്കൽപങ്ങൾക്കും മാറ്റങ്ങൾക്കും അനുസൃതമായി തൊഴിൽ അന്വേഷകരെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പോർട്ടലിലൂടെ ലഭ്യമാക്കും.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ്, ജനറൽ എക്സ്റ്റൻഷൻ ഒഫീസർ കെ പി ശിവദാസൻ,
വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ സി എസ് ശ്രീജിത്ത്, അസിസ്റ്റൻ്റ് കോർഡിനേറ്റർ ആൻ്റോ ജോസഫ്, അസാപ് കോർഡിനേറ്റർ ഷഹന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലാഡിസ് സ്കറിയ, കില കോർഡിനേറ്റർ ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.