മഴ മുന്നറിയിപ്പില്‍ മാറ്റം ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

കൽപ്പറ്റ : വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെയാണ് ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജൂലൈ 11, 12 തീയതികളില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 13ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാർക്ക് ചെയ്യാനോ പാടില്ലെന്ന് ജാഗ്രതാ നിർദേശത്തില്‍ പറയുന്നു.
കാറ്റ് വീശി തുടങ്ങുമ്ബോള്‍ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിൻറെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണമെന്നും നിർദേശത്തില്‍ പറയുന്നു.
കാറ്റും മഴയും ശക്തമാകുമ്ബോള്‍ വൈദ്യുതി കമ്ബികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ തന്നെ കെഎസ്‌ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്ബറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്നും ജാഗ്രതാ നിർദേശത്തില്‍ പറയുന്നു.