സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത : വയനാട് ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. തെക്കൻ ജാർഖണ്ഡിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് ഇപ്പോള്‍ മഴയ്ക്ക് കാരണമായിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൂടാതെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
03 ഇന്ന്: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
04 വെള്ളി: കണ്ണൂർ, കാസറഗോഡ്
05 ശനി: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം ക്യാമ്ബുകളിലേക്ക് മാറി താമസിക്കേണ്ടതാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. നദിക്കരകള്‍, അണക്കെട്ടുകളുടെ സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കുക.