യുവാവിനെ വടികൊണ്ടടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

കേണിച്ചിറ : യുവാവിനെ വടികൊണ്ട് തലക്കടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും അത് തടയാൻ ചെന്ന കൂട്ടുകാരനെ അടിക്കുകയും ചെയ്തയാൾക്ക് മൂന്നര വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.
പൂതാടി മുക്കത്ത് ഉന്നതിയിൽ എം.ആർ ജിഷ്ണു (23) വിനെയാണ് കൽപ്പറ്റ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എൽ. ജയവന്ത് ശിക്ഷിച്ചത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പൂതാടി സ്വദേശിയായ പരാതിക്കാരന് ജിഷ്ണു നൽകാനുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അക്രമം നടന്നത്. ജിഷ്ണു വടി കൊണ്ട് പരാതിക്കാരന്റെ സുഹൃത്തിനെ തലക്കടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരനെയും ആക്രമിക്കുകയും ചെയ്തു. അന്നത്തെ കേണിച്ചിറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന പി.പി റോയിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്ക്യൂട്ടർ ഇ.ആർ സന്തോഷ് കുമാർ ഹാജരായി.