August 17, 2025

സ്കൂളുകളില്‍ പുതിയ മാറ്റം ; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും

Share

 

തിരുവനന്തപുരം: ഇനി എട്ടാം ക്ലാസ്സില്‍ മാത്രമല്ല അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസ്സുകളില്‍ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച്‌ എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.

 

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങള്‍ യോഗം അവലോകനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസില്‍ വർഷാന്ത പരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നല്‍കി ഒൻപതാം ക്ലാസിലേക്ക് കയറ്റം നല്‍കി. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചെന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

 

ഓരോ ക്ലാസിലും നേടേണ്ട പഠന ലക്ഷ്യങ്ങള്‍ അതതു ക്ലാസില്‍ വച്ചു നേടേണ്ടതിന്റെ പ്രാധാന്യംഎല്ലാവരും തിരിച്ചറിഞ്ഞു. ഇത് വർഷാന്ത്യ പരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല എന്ന കാര്യം സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ ഉന്നതതല യോഗത്തിലുണ്ടായെന്നും മന്ത്രി അറിയിച്ചു.

 

1. അഞ്ചു മുതല്‍ ഒമ്ബതു വരെ ക്ലാസുകളില്‍ എഴുത്തു പരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30 ശതമാനം മാർക്ക് നിർബന്ധമാകും.

 

2. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തര വിലയിരുത്തലിന്റെ ഭാഗമായോ ടേം മൂല്യനിർണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തില്‍ തന്നെ പഠന പിന്തുണ നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയണം. പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം. ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പു തല മോണിറ്ററിംഗ് ശക്തിപ്പെടുത്തണം. സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂള്‍ സന്ദർശനങ്ങള്‍ ഉണ്ടാകും.

 

3.ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി തീരുമാനിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ഡയറ്റ് പ്രിൻസിപ്പാള്‍മാർ, വിദ്യാകിരണം ജില്ലാകോഡിനേറ്റർമാർ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്‌ട് കോഡിനേറ്റർമാർ എന്നിവർ സംസ്ഥാനതല പരിശീലനത്തില്‍ പങ്കാളികളാകും.

 

4.ഈ ഓറിയന്റേഷന്റെ തുടർച്ചയായി അതത് വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ പരിധിയിലെ സ്‌കൂള്‍ പ്രഥമാധ്യാപകർക്ക് പരിശീലനം നല്‍കും. ജൂലൈ 15 നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കും.

 

5. സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂള്‍തല പ്രവർത്തനങ്ങള്‍, കുട്ടികളുടെ പഠനനില അതത് സമയങ്ങളില്‍ കണ്ടെത്തല്‍, കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച്‌ ക്ലസ്റ്റർ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തു.

 

6.സമഗ്ര ഗുണമേന്മാ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ നേടുന്നതിനായി വിദ്യാഭ്യാസ സംവിധാനങ്ങളെയാകെ സജ്ജമാക്കുന്ന തുടർ പ്രവർത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.