കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് തിരിച്ചടി ; ശമ്പള സര്‍ട്ടിഫിക്കറ്റില്‍ ഇനി വായ്പലഭിക്കില്ല

തിരുവനന്തപുരം : കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്ബള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇനി വായ്പലഭിക്കില്ല. വായ്പാത്തിരിച്ചടവിന് കെഎസ്‌ആർടിസി നല്‍കിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനല്‍കുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്ബളം, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവയില്‍നിന്നും തിരിച്ചടവ് ഉറപ്പാക്കുന്ന വ്യവസ്ഥയാണ് നീക്കംചെയ്തത്. ഇതോടെ ജീവനക്കാർ വായ്പത്തിരിച്ചടവ് മുടക്കിയാല്‍ കെഎസ്‌ആർടിസിയെ സമീപിക്കാനാവില്ല. മാനേജ്മെന്റ് തുക ഈടാക്കി കൈമാറില്ല.
മാനേജ്മെന്റിന്റെ വീഴ്ചയാണ് ജീവനക്കാരെ ഈ അവസ്ഥയിലെത്തിച്ചത്. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കാതെ കെഎസ്‌ആർടിസി വകമാറ്റി ചെലവിട്ടതാണ് ഇതിനിടയാക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങള്‍ നിയമനടപടികള്‍ ആരംഭിച്ചു.
കെഎസ്‌ആർടിസിയാണ് തുക കൈമാറാത്തതെന്ന് വ്യക്തമായതോടെ സഹകരണബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് റിക്കവറി ചുമതലയില്‍നിന്ന് കോടതി കെഎസ്‌ആർടിസിയെ വിലക്കി. ഇതേത്തുടർന്നാണ് ശമ്ബള സർട്ടിഫിക്കറ്റില്‍ മാറ്റംവരുത്തിയത്.
പിഎഫില്‍നിന്നുള്‍പ്പെടെ വായ്പയെടുക്കാൻ കർശനനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വായ്പയ്ക്കുള്ള വഴിയും അടയുന്നത്. ചികിത്സാസഹായത്തിന് ഉള്‍പ്പെടെ അപേക്ഷയുടെ മുൻഗണനാക്രമം പാലിച്ചാണ് തുക അനുവദിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുപോലും കൃത്യസമയത്ത് തുക കിട്ടാറില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെയാണ് വായ്പയ്ക്കുള്ള മാർഗവും അടയ്ക്കപ്പെടുന്നത്.