July 29, 2025

വയനാട് മെഡിക്കൽ കോളേജും റോഡുകളും മോഡേൺ ആകും : ജില്ലയിൽ യാഥാർഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികൾ

Share

 

മാനന്തവാടി : നവകേരള സദസ്സിൽ വയനാട് ജില്ലയിൽ നിന്ന് ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭായോഗം 21 കോടി രൂപയാണ് അനുവദിച്ചത്. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുഖച്ഛായ മാറുന്ന നിലയിൽ 7 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ

ലഭ്യമാക്കുന്നതാണ് ഇതിൽ പ്രധാനം. ഇതിനായിമാനന്തവാടി നിയമസഭ മണ്ഡലത്തിന് ഏഴ് കോടി രൂപ അനുവദിച്ചു.

 

ഇതോടെ 3.95 കോടി രൂപ ചെലവിൽ സിടി സ്കാനർ അടക്കം ആധുനിക സംവിധാനങ്ങളോട് കൂടിയ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കും. ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം (1.61 കോടി), 3-ഡി ലാപ്രോസ്കോപിക് സെറ്റ് (1.17 കോടി), സി-ആം മൊബൈൽ ഇമേജ് ഇന്റൻസിഫയർ സിസ്റ്റം (27 ലക്ഷം രൂപ) എന്നിവ സ്ഥാപിക്കാനും നിർദേശമുണ്ട്‌.

 

സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിന് കീഴിലാകും വികസന പദ്ധതികൾ നടപ്പിലാക്കുക. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ സുൽത്താൻ ബത്തേരി -നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ 18.75 കിലോമീറ്ററിലും മുത്തങ്ങ, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലുമായി ഒന്നര കോടി രൂപ വീതം ചെലവിട്ട്

സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും.

മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട് 2005 മുതൽ

2024 വരെ തൊഴിലാളികൾക്ക് നൽകേണ്ട സർവീസ് ആനുകൂല്യങ്ങളും അധിക സമാശ്വാസ സഹായം ഉൾപ്പെടെ പദ്ധതികൾക്കുമായി 4 കോടി രൂപ ചെലവഴിക്കും.

 

കല്പറ്റ മണ്ഡലത്തിൽ ബിഎം-ബിസി നിലവാരത്തിൽ

റോഡ്‌ നവീകരണത്തിനായി ആകും 7 കോടി രൂപയുടെ പദ്ധതി. കാക്കവയൽ മുതൽ കാരാപ്പുഴ അണക്കെട്ട് വരെയുള്ള കാരാപ്പുഴ പ്രോജക്റ്റ് റോഡ്‌

ആണ്‌ നവീകരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. സംവാദങ്ങളിൽ ഉയർന്ന നിര്‍ദേശങ്ങൾ ആകെ 982.01 കോടി രൂപയുടെ വികസന പദ്ധതികളായി ആണ്‌ നടപ്പാക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.