May 29, 2025

ചരക്കു കപ്പല്‍ മുങ്ങിയതിന് പിന്നാലെ എണ്ണ ചോര്‍ച്ച, കേരള തീരത്തെ മീൻ ആര്‍ക്കും വേണ്ട ; വിശ്വസിച്ചു വാങ്ങാനുള്ള ആശങ്കയില്‍ ജനങ്ങള്‍ !

Share

 

കൊച്ചി : അറബിക്കടലില്‍ കടലില്‍ ചരക്കു കപ്പല്‍ മുങ്ങിയതിനെ തുടർന്ന് എണ്ണ ചോർച്ചയുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരിച്ചതിന് പിന്നാലെ കേരള തീരത്തെ മീൻ വിശ്വസിച്ചു വാങ്ങാൻ മടിച്ച്‌ ജനങ്ങള്‍. കാല്‍സ്യം കാർബൈഡ് പോലുള്ള അപകടകരമായ ചരക്കുകളും 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫർണസ് ഓയിലുമാണ് ലൈബീരിയ പതാകയുള്ള എംഎസ്‌സി എല്‍സ 3 എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. രാസവസ്തുക്കള്‍ കടലില്‍ വ്യാപകമായി കലരാൻ ഇടയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

 

കപ്പല്‍ മുങ്ങിയതിനെ തുടർന്നുളള പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ സമഗ്രമായ വിലയിരുത്തലിന് ദിവസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എണ്ണ മലിനീകരണം ലോലമായ സമുദ്രജീവികള്‍ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും മത്സ്യബന്ധന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതുമാണ്. എണ്ണ ചോർച്ച വ്യാപിക്കുകയാണെങ്കില്‍, അത് സമുദ്ര ഉല്‍പാദനക്ഷമതയെ വളരെയധികം ബാധിച്ചേക്കാം. മത്തി (ചാള) മുതല്‍ ട്യൂണ, സ്രാവുകള്‍ വരെയുളള പെലാജിക് മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും നിർണായകമായ കാലഘട്ടമായ മണ്‍സൂണ്‍ സമയത്ത് അപകടം ഉണ്ടായത് വലിയ തിരിച്ചടിയാണ്. ശക്തമായ മത്സ്യബന്ധന സീസണ്‍ പ്രതീക്ഷിച്ചിരുന്ന മത്സ്യബന്ധന വ്യവസായത്തെ ഇത് പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.

 

 

 

അതേസമയം, കേരളതീരത്ത് നിന്നുളള മത്സ്യങ്ങളുടെ വില്‍പ്പന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പല പ്രമുഖ കടകളും നിർത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്, കടലൂർ, രാമേശ്വരം, തൂത്തുക്കുടി, പോണ്ടിച്ചേരി തുടങ്ങിയ തീരങ്ങളില്‍ നിന്നുളള മത്സ്യങ്ങളായിരിക്കും പ്രധാനമായും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. നാടൻ പുഴമീനുകളും ഫാമുകളില്‍ വളർത്തുന്ന മത്സ്യങ്ങളും കൂടുതലായി വില്‍പ്പനയ്ക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി വില്‍പ്പനയ്ക്ക് ലഭ്യമാക്കുന്നവ ഏത് പ്രദേശത്ത് നിന്ന് പിടിച്ചതാണെന്ന് അറിയുന്നതിനായി മത്സ്യങ്ങളുടെ കവറുകളുടെ മുകളില്‍ ലേബല്‍ പതിപ്പിക്കുമെന്ന് എറണാകുളത്തെ പ്രമുഖ മത്സ്യ വില്‍പ്പന കടയായ മാതാ ഫ്രെഷ് അറിയിച്ചു.

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യ ഉപഭോഗം നടക്കുന്നത് കേരളത്തിലാണ്. ജനസംഖ്യയുടെ 53 ശതമാനത്തിലധികം പേരും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. അതേസമയം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതിനുപുറമേയാണ് ഇപ്പോള്‍ പുതിയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.