വയനാട്ടിൽ കനത്ത മഴ തുടരുന്നു : പുഴകൾ കരകവിഞ്ഞു ; ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു

കൽപ്പറ്റ : വയനാട്ടിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയാണ് ജില്ലയിലെ വിവിധയിടങ്ങളിൽ തകർത്തു ചെയ്യുന്നത്. ജില്ലയിലെ പുഴകളിലെ ജലനിരപ്പ് കുത്തനെ ഉയരുകയും പുഴകളും, തോടുകളും കരകവിഞ്ഞൊഴുകയും ചെയ്യുന്നുണ്ട്. ഇതോടെ വെള്ളപ്പൊക്ക ഭീഷണിയിലായ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
ജില്ലയിൽ വൈത്തിരി വട്ടപ്പാറയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ പെയ്‌തത്. 215 എംഎം മഴയാണ് വട്ടപ്പാറയിൽ പെയ്തത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യം നിലവിലുണ്ട്. നിലവിൽ ചുരങ്ങളിലൊന്നും ഗതാഗത തടസ്സങ്ങളില്ല. താമരശ്ശേരി ചുരം, പേരിയ ചുരം, പാൽചുരം, കുറ്റ്യാടി ചുരം എന്നീ ചുരങ്ങളിലൊക്കെ വാഹന ത്തിരക്കുള്ളതൊഴിച്ചാൽ മറ്റ് തടസ്സങ്ങളില്ല. പാൽചുരത്ത് ചിലയിടങ്ങളിൽ കല്ലുകൾ റോഡിലേക്ക് ഉരുണ്ട് വന്നിരുന്നു. എങ്കിലും ഗതാഗത തടസ്സമില്ല. രാത്രിക്കാലത്തുൾപ്പെടെ ചുരം വഴിയും മറ്റുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് നിരവധി വീടുകൾക്കും, വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ചെറിയ മണ്ണിടിച്ചലുകളും ഉണ്ടായിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ ഇന്നും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.