May 24, 2025

ബത്തേരിയില്‍ വീണ്ടും പുലി ; സ്കൂൾ മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍

Share

 

സുല്‍ത്താൻ ബത്തേരിയില്‍ വീണ്ടും പുലി ഇറങ്ങി. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്സ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. മതിലില്‍ നിന്ന് സമീപത്തെ പറമ്ബിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം പുറത്ത്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലില്‍ പകർത്തിയത്.

 

പുലിയെ കണ്ട ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലർച്ച നാല് മണി മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തി. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്ത് 7 മണിവരെ കാവല്‍ ഏർപ്പെടുത്തി. പരിശോധന തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. സുല്‍ത്താൻ ബത്തേരി നഗര മധ്യത്തില്‍ നേരത്തെയും നിരവധി തവണ പുലി ഇറങ്ങിയിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. പുലിയെ പിടികൂടാൻ കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചതിന് പിന്നാലെയാണ് ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

 

 

സുല്‍ത്താൻ ബത്തേരി ടൗണില്‍ കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുസിന്റെ വീട്ടില്‍ അഞ്ച് തവണയാണ് പുലിയെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്ന് പല തവണ പുലി കോഴികളെയും പിടിച്ചിരുന്നു. ബത്തേരിയില്‍ പുലിക്കായി കൂട് വെക്കണമെന്ന് ആവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് വാർഡന്റെ ഓഫീസില്‍ ബത്തേരി നഗരസഭ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. പിന്നാലെയാണ് കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കബനിഗിരി, മരക്കടവ് മേഖലകളിലും പുലിയെത്തിയിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.