കാറുടമയെ ബലമായി കസ്റ്റഡിയിലെടുത്ത ട്രാഫിക്ക് എസ്ഐ വി.പി. ആൻ്റണിയ്ക്ക് സ്ഥലംമാറ്റം

കൽപ്പറ്റ : ഡ്രൈവിങ്ങിനിടെ മൊബൈൽഫോണിൽ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റം. എസ്.ഐ വി.പി. ആൻ്റണിയെയാണ് മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡിലേക്ക് മാറ്റിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു. ഇതേത്തുടർന്നാണ് നടപടി.
ബുധനാഴ്ച രാവിലെ 10.30-ഓടെ കല്പറ്റ ആനപ്പാലം ജങ്ഷനി ലായിരുന്നു സംഭവം. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ യുവാവിനെയാണ് ഡ്രൈവിങ്ങിനിടെ മൊബൈൽഫോണിൽ സംസാരിച്ചെന്നാരോപിച്ച് കല്പറ്റ ട്രാഫിക് എസ്ഐ വി.പി. ആൻ്റണിയുടെ നേതൃത്വത്തിൽ തടഞ്ഞ് പിഴയടക്കയ്ക്കണമെന്നാവശ്യപ്പെട്ടത്. കോടതിയിൽ പണമടച്ചോളാമെന്ന് യുവാവ് അറിയിച്ചു. തുടർന്നാണ് യുവാവും പോലീസും തമ്മിൽ വാക്കുതർക്കമായത്. യുവാവിനെ കയറ്റി പോലിസ് ജീപ്പ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തെ ഓട്ടോറിക്ഷയിലും തട്ടി. ഇതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാരും എത്തുകയും പോലീസുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. കല്പറ്റ ഇൻസ്പെക്ടർ ബിജു ആൻറണി സ്ഥലത്തെത്തിയാണ് തർക്കം പരിഹരിച്ചത്. സ്റ്റേഷനിലെത്തിച്ച് പിഴയീടാക്കിയതിനുശേഷം യുവാവിനെ വിട്ടയച്ചു.