May 16, 2025

ബസും ഡ്രൈവറും ഫിറ്റല്ലെങ്കില്‍ നിരത്തിലിറക്കേണ്ട : പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

Share

 

കൽപ്പറ്റ : സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി സ്‌കൂള്‍ ബസുകളും ഡ്രൈവര്‍മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസും ഡ്രൈവറും ഫിറ്റാണെങ്കില്‍ ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാമെന്ന് അധികൃതര്‍. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂള്‍ ബസുകളുടെ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും ബസുകളുടെയും പരിശോധന മെയ്28 മുതല്‍ 30 വരെ നടക്കും. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ മെയ് 28 ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് നല്‍കും. ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ലഹരി ഉപയോഗം, റോഡ് സേഫ്റ്റി, കുട്ടികളുടെ സുരക്ഷ, സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍, സ്‌കൂള്‍ ബസില്‍ ആയമാരുടെ ആവശ്യം തുടങ്ങീയ വിഷയങ്ങള്‍ ക്ലാസെടുക്കും. അശ്രദ്ധമായി സ്‌കൂള്‍വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വാഹനത്തില്‍ ഒട്ടിച്ച ഡെയ്ഞ്ചറസ് ഡ്രൈവിങ് സ്റ്റിക്കര്‍ ഉപയോഗിച്ച് പരാതി നല്‍കാമെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ എക്‌സൈസ് വകുപ്പിന്റെ നമ്പര്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ക്ക് മണിക്കൂറില്‍ 50 കിലോ മീറ്ററാണ് വേഗ പരിധി. ബസില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ട് പേര്‍ക്ക് വീതം ഇരിക്കാം. 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരാള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് സീറ്റിങ് ക്രമീകരിക്കുന്നത്. സ്‌കൂള്‍ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും അത്തരത്തില്‍ യാത്ര ചെയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹെവി സ്‌കൂള്‍ വാഹനങ്ങള്‍ നിയമ വിരുദ്ധമായി ഓടിച്ചാല്‍ 7500 രൂപയും ഓട്ടോറിക്ഷയില്‍ പരിധക്ക് പുറമെ കുട്ടികളെ കയറ്റിയാല്‍ 3000 രൂപ പിഴയും പെര്‍മിറ്റും റദ്ദാക്കും. പ്രൈവറ്റ് (നോണ്‍ ട്രാന്‍സ്പോര്‍ട്ട് ) വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോയാല്‍ വാഹന ഉടമയുടെ ആര്‍.സി, വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസന്‍സ് എന്നിവ റദ്ദാക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.