May 16, 2025

വീണ്ടും വരുമോ മാസ്ക് കാലം : ഏഷ്യൻ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വൻതോതില്‍ കൂടുന്നു

Share

ഡല്‍ഹി : പല ഏഷ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വൻതോതില്‍ കൂടിവരുന്നതായി റിപ്പോർട്ട്. ഹോങ്കോങ്, ചൈന, സിങ്കപ്പൂർ തുടങ്ങിയിടങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നത്.ഇത് പുതിയ കൊവിഡ് തരംഗത്തിന്റെ സൂചനയെന്നാണ് വിലയിരുത്തുന്നത്. പല രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

പോസിറ്റീവാകുന്ന കൊവിഡ് കേസുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് ഹോങ്കോങ് അധികൃതർ പറയുന്നത്. മരണത്തിന് കാരണമാകുന്ന കേസുകളിലും കാര്യമായ വർദ്ധനയുണ്ട്.

കൊവിഡിന്റെ പ്രഭവകേന്ദ്രം എന്നുകരുതുന്ന ചൈനയിലും ഏറക്കുറെ സമാനമായ അവസ്ഥയാണ്. ഇവിടെ കൊവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ടുചെയ്യുന്നത്. മേയ് നാലുവരെയുള്ള അഞ്ച് ആഴ്ചകളില്‍ ചൈനയിലെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരുവർഷത്തിനുശേഷം ആദ്യമായാണ് സിങ്കപ്പൂർ കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത്. രാജ്യത്ത് മേയ് മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്ക് അതിന് മുമ്ബുള്ള ആഴ്ചയേക്കാള്‍ 28 ശതമാനം കൂടിയിട്ടുണ്ട്. ഇത് ആശങ്കാ ജനകമാണെന്നാണ് അധികൃതർ പറയുന്നത്.

അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ പ്രകാരം ഏഷ്യയിലുടനീളം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകയറുകയാണ്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ രോഗം ബാധിതരാണ്. മരണസംഖ്യ ഉയരുന്നുണ്ടോ എന്ന് വ്യക്തമല്ല. രോഗം പർടന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വാക്സിൻ എടുക്കണമെന്നും അപകടസാദ്ധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഡോസുകള്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധ ശമനമില്ലാതെ തുടർന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമോ എന്ന് വ്യക്തമല്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.