കാട്ടുപന്നി ചത്തുകിടന്ന തോട്ടിലൂടെ നടന്നു, പിന്നീട് ശ്വാസതടസവും ചുമയും ബാധിച്ചു : തലച്ചോറില്‍ അണുബാധ സ്ഥിരീകരിച്ച 15 കാരി മരിച്ചു

തിരുവനന്തപുരം : തലച്ചോറില്‍ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ജ്യോതി ലക്ഷ്മിയാണ് മരിച്ചത്. ഞെക്കാട് ഗവണ്‍മെന്റ് എച്ച് എസ്‌എസ് ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ചുമയും വിറയലും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന് സമീപത്തെ തോട്ടില്‍ കാട്ടുപന്നി ചത്തുകിടന്നിരുന്നു. ഈ വെള്ളത്തില്‍ കാല് നനച്ചതാണ് അണുബാധയ്‌ക്ക് കാരണമായത്. തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികള്‍ സ്കൂളില്‍ പോയിരുന്നത്. കുട്ടിയുടെ കാലില്‍ മുറിവുണ്ടായിരുന്നു. ഈ മുറിവിലൂടെ അണുക്കള്‍ ശരീരത്തിലേക്ക് കയറുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടർമാർക്ക് രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.