മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ വനത്തിൽ കണ്ടെത്തി

മാനന്തവാടി : വനത്തിനു സമീപമുള്ള വീട്ടിൽ നിന്നു കാണാതായ വയോധികയെ ഉൾവനത്തിൽ നിന്നു കണ്ടെത്തി. മാനന്തവാടി പിലാക്കാവ് ഊന്നുകല്ലിങ്കൽ ലീല (73)യെയാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് ഓർമ്മക്കുറവുള്ള ലീല വീടുവിട്ടിറങ്ങിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പോലീസും വനപാലകരും അഗ്നിരക്ഷാ സേനയും വനത്തിനകത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ലഭിച്ചില്ല. എസ്ഒജി അംഗങ്ങൾ, പോലീസ് ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ.
വ്യാഴാഴ്ച രാവിലെ നോർത്ത് വയനാട് വനം ഡിവിഷൻ ആർആർടി അംഗങ്ങളാണ് തിരച്ചിലിനിടെ ലീലയെ കണ്ടത്. ഓർമ്മക്കുറവുള്ള ലീല പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.