ഇത്തവണ നേരത്തെ മഴ !! കാലവര്‍ഷം മേയ് 27 ഓടെ കേരളത്തിലെത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ മേയ് 27ന് എത്താൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ച് ദിവസം നേരത്തെയാണ് മണ്‍സൂണ്‍ എത്തുന്നത്. ചിലപ്പോള്‍ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നു. മേയ് 13ന് തെക്ക് ആൻഡമാൻ കടല്‍, തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുന്നത്.
സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലവർഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 2018.6 മില്ലി മീറ്റർ മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ സീസണില്‍ 1748 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ലഡാക്ക്, തമിഴ്നാട്, വടക്ക് കിഴക്കൻ ഇന്ത്യ ഒഴികെ രാജ്യത്ത് പൊതുവെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചന.