സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം ; ഒരു മാസത്തിനിടെ ഏഴ് മരണം

ആലപ്പുഴ : സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയായ സൂരജ് എസ് ആണ് ദാരുണമായി മരണപ്പെട്ടത്. കിഴക്കെ കരുമാടി സ്വദേശിയായ സൂരജ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച (മെയ് 09) രാവിലെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് കുട്ടിയെ പേവിഷബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെയ് അഞ്ചിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിനിയായ ഏഴ് വയസ്സുകാരി നിയ ഫൈസലും പേവിഷബാധയേറ്റ് മരണപ്പെട്ടിരുന്നു.
ഏപ്രില്‍ എട്ടിന് താറാവിനെ ഓടിക്കുന്നതിനിടെ തെരുവുനായയുടെ ആക്രമണത്തിനിരയായ നിയ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുട്ടികളടക്കം ഏഴ് പേരാണ് പേവിഷബാധയേറ്റ് മരിച്ചത് എന്നത് ആശങ്കാജനകമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്.
വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിനും പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ പോരായ്മകള്‍ക്കും എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.