നിപ : വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം – ജില്ലാ മെഡിക്കൽ ഓഫീസർ

കൽപ്പറ്റ : മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.മോഹൻദാസ് അറിയിച്ചു. മുമ്പ് ജില്ലയിലെ പഴംതീനി വവ്വാലുകളിൽ ഐ സി എം ആർ നടത്തിയ സാംപിൾ പരിശോധനയിൽ നിപ വൈറസിനെതിരെയുള്ള ആൻറി ബോഡികൾ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നിപ സാധ്യതയുള്ള സീസണായതിനാൽ രണ്ടു മാസം മുമ്പ് ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി സർവെയ്ലൻസ് പ്രവർത്തനങ്ങൾ തുടർന്നു വരിയാണ്. നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശരിയായ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡി എം ഒ അറിയിച്ചു.
പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, തൊണ്ടവേദന, പേശീവേദന,ഛർദ്ദി, ശ്വാസ തടസ്സം, തളർച്ച, കാഴ്ച മങ്ങുക , മാനസിക വിഭ്രാന്തി, ബോധക്ഷയം, തുടങ്ങിയവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.ശരീര സ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. അതുകൊണ്ട്തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറിയ സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. ഇത്തരം രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എൻ 95 മാസ്കും കയ്യുറകളും ഉപയോഗിക്കണം. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യണം. രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലിൽ ഉണക്കുക. മുറികളും, വ്യക്തിഗത സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകുക.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ , പച്ചക്കറികൾ എന്നിവ ഉപയോഗിക്കരുത്. എല്ലാ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. അടക്ക പോലുള്ള വവ്വാലുകൾ തൊടാൻ സാധ്യതയുള്ള വിഭവങ്ങൾ പെറുക്കുമ്പോൾ കയ്യുറ ഉപയോഗിക്കുക.തുറന്ന് വച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക.
വവ്വാലുകളെ ഉപദ്രവിക്കുക്കുകയോ അവയെ ആവാസ വ്യവസ്ഥയിൽ നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. അത് ഭയചകിതരായ വവ്വാലുകൾ കൂടുതൽ ശരീര സ്രവങ്ങൾ ഉദ്പാദിപ്പിക്കാൻ കാരണമാകും. ഇത് നിപാസാധ്യത കൂട്ടുകയാണ് ചെയ്യുക. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പകർച്ചാസാധ്യതകൾ ഒഴിവാക്കാനുള്ള സൂക്ഷ്മതയും സ്വയം പ്രതിരോധവുമൊക്കെയാണ് നിപയെ തടയാനുള്ള മാർഗ്ഗങ്ങൾ.
നിപ പോലുള്ള സാഹചര്യങ്ങളിൽ തെറ്റായ വാർത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങളെ പിന്തുടരാനും എല്ലാവരും ശ്രദ്ധിക്കണം. ഏതെങ്കിലും സഹായങ്ങൾക്കും സംശയങ്ങൾ ദൂരീകരിക്കുന്നതിനും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈൻ നമ്പറുകളിലോ (104, 1056, 0471 2552056) ബന്ധപ്പെടാവുന്നതാണ്.