April 29, 2025

ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമായി 14 കാരന്‍ വൈഭവ് സൂര്യവംശി ; 35 പന്തില്‍ 11 സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 101 റണ്‍സ് : ഗുജറാത്തിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം

Share

 

ജയ്പുര്‍ : മുന്‍ ചാമ്ബ്യന്മാര്‍രായ ഗുജറാത്ത് ടൈറ്റന്‍സിനെ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈഭവ് സൂര്യവംശിയുടെ സിക്‌സര്‍ പൂരത്തില്‍ തകർത്ത് രാജസ്ഥാൻ റോയല്‍സ്. വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിലൂടെ 210 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ കൂളായി മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15.5 ഓവറിലാണ് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തിയത്.

 

ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച താരം 35 പന്തില്‍ സെഞ്ചുറിയും നേടി. സീസണിലെ അതിവേഗ അര്‍ധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. വൈഭവ് 101 റണ്‍സെടുത്താണ് പുറത്തായത്.

മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സായിരുന്നു രാജസ്ഥാന്റെ സ്‌കോര്‍. എന്നാല്‍ നാലാം ഓവറില്‍ 14-കാരന്റെ വെടിക്കെട്ട് പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഷാന്ത് ശര്‍മ എറിഞ്ഞ നാലാം ഓവറില്‍ ഇഷാന്തിനെ പലകുറി അതിര്‍ത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടക്കം രാജസ്ഥാന്‍ ആ ഓവറില്‍ നേടിയത് 28 റണ്‍സ്.

 

അടുത്ത ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും അടിച്ചുതകര്‍ത്തതോടെ 17 പന്തില്‍ നിന്ന് വൈഭവ് അര്‍ധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും താരം സ്വന്തമാക്കി. അതോടെ രാജസ്ഥാന്‍ ആറോവറില്‍ 87 ലെത്തി.

 

അര്‍ധസെഞ്ചുറി തികച്ചതിന് ശേഷവും വൈഭവ് വെടിക്കെട്ട് തുടരുന്നതാണ് മൈതാനത്ത് കണ്ടത്. ഒരു വശത്ത് യശസ്വി ജയ്‌സ്വാളിനെ നിര്‍ത്തിക്കൊണ്ട് വൈഭവ് സൂര്യവംശി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. പ്രസിദ്ധും റാഷിദ് ഖാനും കരിം ജാനത്തുമൊക്കെ വൈഭവിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. ഇന്നിങ്സിന്റെ തുടക്കം മുതല്‍ തന്നെ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിര്‍ത്തി കടത്തിയ തുടക്കം. പിന്നീട് ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു.

 

പിന്നാലെ 35 പന്തില്‍ സെഞ്ചുറി. വൈഭവ് സൂര്യവംശി കത്തിക്കയറിയപ്പോള്‍ ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം തരിപ്പണമായി. ടീം 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 155 റണ്‍സ്. 12-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്ബോള്‍ രാജസ്ഥാന്‍ വിജയത്തിനടുത്തെത്തിയിരുന്നു. 38 പന്തില്‍ ഏഴ് ഫോറുകളും പതിനൊന്ന് സിക്‌സറുകളുമടക്കം 101 റണ്‍സെടുത്ത് ചരിത്രം കുറിച്ചാണ് വൈഭവ് സൂര്യവംശി മടങ്ങിയത്.

 

നിതീഷ് റാണ(4) പുറത്തായെങ്കിലും ജയ്‌സ്വാളും(70) റയാന്‍ പരാഗും(32) ചേര്‍ന്ന് ടീമിനെ 15.5 ഓവറില്‍ ജയത്തിലെത്തിച്ചു. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 209 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ചു.

 

ടീം ആറോവറില്‍ അമ്ബത് കടന്നു. പവര്‍ പ്ലേയ്ക്ക് ശേഷവും രാജസ്ഥാന്‍ ബൗളര്‍മാരെ അടിച്ചുകളിച്ച ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ടീം പത്തോവറില്‍ 92 ലെത്തി.

 

സ്‌കോര്‍ 93 ല്‍ നില്‍ക്കേ സായ് സുദര്‍ശന്‍ പുറത്തായി. 30 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത സുദര്‍ശനെ മഹീഷ് തീക്ഷണയാണ് കൂടാരം കയറ്റിയത്. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ജോസ് ബട്‌ലറും കത്തിക്കയറിയതോടെ ഗുജറാത്ത് സ്‌കോര്‍ കുതിച്ചു. ഹസരങ്ക എറിഞ്ഞ 15-ാം ഓവറില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം ഗുജറാത്ത് അടിച്ചെടുത്തത് 24 റണ്‍സാണ്.

 

16-ാം ഓവറില്‍ സ്‌കോര്‍ 150 കടന്നു. പിന്നാലെ ഗില്ലും പുറത്തായി. 50 പന്തില്‍ 84 റണ്‍സെടുത്താണ് ഗുജറാത്ത് നായകന്റെ മടക്കം. എന്നാല്‍, ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് ടീം സ്‌കോര്‍ 200 കടത്തി. ബട്‌ലര്‍ 26 പന്തില്‍ നിന്ന് 50 റണ്‍സുമായി പുറത്താവാതെ നിന്നു. വാഷിങ്ടണ്‍ സുന്ദര്‍(13), രാഹുല്‍ തെവാട്ടിയ (9) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ടുവിക്കറ്റെടുത്ത മഹീഷ് തീക്ഷണ രാജസ്ഥാനായി തിളങ്ങി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.